പത്തനംതിട്ട: വീട്ടുമുറ്റത്തേക്ക് പോലീസ് സംഘം കയറിവരുന്നതു കണ്ടവർ ആദ്യമൊന്ന് അന്പരന്നു. പതിവില്ലാതെ പോലീസുകാരെ കണ്ട അയൽവീട്ടുകാരും കാര്യം അന്വേഷിക്കാൻ മാറിനിന്നു. പേടിക്കേണ്ട ഞങ്ങൾ ജനമൈത്രി പോലീസിന്റെ ഭാഗമായി നിങ്ങളെയൊക്കെ ഒന്ന് നേരിൽകാണാൻ വന്നതാണന്ന് പറഞ്ഞപ്പോഴാണ് പലർക്കും ശ്വാസം നേരെ വീണത്.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹ സന്ദർശന പരിപാടിയുടെ സ്പെഷൽ കാന്പെയ്ന്റെ ഭാഗമായിട്ടാണ് ജില്ലയിൽ പോലീസ് ഭവന സന്ദർശനം നടത്തുന്നത്. ഇന്നലെ രാവിലെ പത്തനംതിട്ട കുലശേഖര പതിയിൽ പത്തനംതിട്ട ഡിവൈഎസ്പി കെ. എ. വിദ്യാധരന്റെയും സർക്കിൾ ഇൻസ്പെക്ടർ ടി. ബിജുവിന്റെയും നേതൃത്വത്തിലാണ് ഭവനസന്ദർശനത്തിന് തുടക്കമായത്.
വീടുകളിലെ ആളുകളുടെ അംഗസംഖ്യ, അതിൽ കുട്ടികൾ എത്ര, മുതിർന്നവർ, സ്ത്രീകൾ, പ്രായം ചെന്നവർ, മറ്റ് സ്ഥലങ്ങളിൽ നിന്നും താമസിക്കാൻ എത്തിയവർ, വീട്ടു നമ്പർ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് അത് രജിസ്റ്ററിൽ രേഖപെടുത്തും. പോലീസ് സ്റ്റേഷനുമായും എസ്ഐയുമായും വീട്ടുകാർക്ക് ഏതുസമയവും ബന്ധപെടാനുള്ള ടെലിഫോൺ നമ്പരും വീട്ടുകാർക്ക് നൽകി.
ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. ഇതര സംസ്ഥാനക്കാർക്ക് വാടകയ്ക്ക് താമസ സ്ഥലങ്ങൾ നൽകുന്നവർ അവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങിയ ശേഷമേ താമസ സ്ഥലങ്ങൾ നൽകാവൂവെന്നും പോലീസ് വീട്ടുകാർക്ക് നിർദേശങ്ങൾ നൽകി. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൈലപ്ര, പ്രമാടം, വള്ളിക്കോട്, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ മുതലായ ആറ് പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലെ 33 വാർഡുകളിലെ മുഴുവൻ വീടുകളും സന്ദർശിക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ ഭവനസന്ദർശനം ആരംഭിച്ചത്.