ഓർക്കാട്ടേരി: പക്ഷാഘാതത്താൽ അവശനിലയിലായ സ്ത്രീക്കും മകൾക്കും ജനമൈത്രി പോലീസ് തുണയായി. ഇരുവരേയും എടച്ചേരി തണലിലേക്ക് മാറ്റി. ഓർക്കാട്ടേരി സംസം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുറമേരിയിലെ കൂവേരി കീഴ്പ്പള്ളി കല്ലാണി (80), മകൾ സുരജ എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പുനരധിവസിപ്പിച്ചത്.
എടച്ചേരി പോലീസ് സ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിജു കുമാറും ഹേമന്ത് കുമാറും വീട് സന്ദർശനവേളയിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ സന്ദർശിച്ചപ്പോഴാണ് ദുരവസ്ഥ ശ്രദ്ധയിൽ പ്പെട്ടത്. എടച്ചേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.സുഭാഷ് തണലുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു.
തണൽ വളണ്ടിയർമാർ പരിശോധന നടത്തിയതിന്റെ തുടർച്ചയായാണ് ഇരുവരേയും തണലിലേക്ക് മാറ്റിയത്. എടച്ചേരി സ്റ്റേഷൻ പിആർഒ തങ്കരാജ്, സിവിൽ പോലീസ് ഓഫീസർ രമേശൻ, പുറമേരിയിലെ പൊതു പ്രവർത്തകരായ വത്സൻ, സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പുനരധിവസിപ്പിച്ചത്.