സി.സി. സോമൻ
കോട്ടയം: ജനമൈത്രി പോലീസ് സംവിധാനം പുനർജീവിപ്പിച്ചു. ഓരോ പോലീസ് സ്റ്റേഷനിലും രണ്ടു പോലീസുകാരെ ജനമൈത്രി ബീറ്റ് ഓഫീസർമാരായി നിയോഗിച്ചു. ഇവർക്ക് പോലീസിന്റെ മറ്റ് ഡ്യൂട്ടികൾ ഒന്നും നല്കില്ല. പൂർണമായും ജനമൈത്രി പോലീസ് സേവനങ്ങൾക്കായി ഇവരുടെ സേവനം ലഭ്യമാണ്.
ആദ്യകാലത്ത് പോലീസിന്റെ മറ്റു ഡ്യൂട്ടികൾക്കൊപ്പമാണ് ജനമൈത്രി സേവനങ്ങൾ നിർവഹിച്ചിരുന്നത്. ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന തരത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കണമെന്നാണ് പുതിയ ബീറ്റ് ഓഫീസർമാർക്കുള്ള നിർദേശം.
വീട് വീടാന്തരം കയറിയിറങ്ങി ആളുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ എത്ര പേർ. അവരുടെ വിവരങ്ങളും ഫോണ് നന്പർ സഹിതം ശേഖരിക്കും. വീടുകളിൽ ജോലിക്കു വരുന്നവരെ സംബന്ധിച്ച വിവരങ്ങളും അവരുടെ മുൻകാല ചരിത്രവും ബീറ്റ് ഓഫീസർമാർ ശേഖരിക്കും.
ക്രിമിനൽ പ്രവർത്തനം എവിടെയെങ്കിലും ഉണ്ടോ എന്ന വിവരം ജനങ്ങൾക്കിടയിൽ നിന്ന് ആരായും. മദ്യം, മയക്കുമരുന്ന് ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കും. ജന സൗഹൃദ പട്രോളിംഗ് സംഘടിപ്പിക്കും. ഇവയൊക്കെയാണ് പ്രധാനമായും ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ ഡ്യൂട്ടി.
ഇതിനു പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കും. നിർധനരായ രോഗികൾക്ക് സഹായമെത്തിക്കുക, സാന്പത്തികമായും മറ്റു പിന്നോക്കാവസ്ഥയിലും കഴിയുന്ന സഹായത്തിനാരുമില്ലാത്തവരെ കൈപിടിച്ചുയർത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാരുണ്യ പ്രവൃത്തികൾ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നാണ് നിർദേശം.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജനങ്ങളെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങളിലും മുൻ്പ് ജനമൈത്രി പോലീസ് ഇടപെട്ടിട്ടുണ്ട്. രണ്ട് ബീറ്റ് ഓഫീസർമാരുടെ മുഴുവൻ സമയവും ലഭിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.