വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് ശാശ്വതപരിഹാരവുമായി വെള്ളിക്കുളങ്ങര ജനമൈത്രി പോലിസ്. ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശനന്റെ നേതൃത്വത്തിലുള്ള മെഴ്സി കോപ്സിന്റെ സഹായത്തോടയാണ് വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് ആദിവാസി കുടുംബങ്ങൾക്ക് ദാഹജലത്തിന്റെ തെളിനീരായി മാറിയത്.
മുപ്ലിപ്പുഴയുടെ കരയിലുള്ള കാരിക്കടവ് മലയൻകോളനിയിൽ 16 ആദിവാസികുടുംബങ്ങളാണുള്ളത്. വേനലാരംഭത്തിലേ പുഴ വറ്റുന്നതിനാൽ കോളനിയിലെ രണ്ടുകിണറുകളും മാർച്ചിനു മുന്പേ വറ്റും. പുഴയിലെ മണൽപ്പരപ്പിൽ ആഴത്തിൽ കുഴിയെടുത്തും വനത്തിനുള്ളിലെ വെള്ളക്കുഴികളെ ആശ്രയിച്ചുമാണ് വേനൽക്കാലത്ത് കാരിക്കടവ് കോളനിക്കാർ കഴിഞ്ഞുകൂടുന്നത്.
ഇവരുടെ ദുരിതം ശ്രദ്ധയിൽപെട്ടതോടെ മെഴ്സി കോപ്സ് സഹായ ഹസ്തവുമായി കോളനിയിലെത്തുകയായിരുന്നു. കോളനിയിൽ വറ്റിക്കിടക്കുന്ന രണ്ടുകിണറുകളും പാറപൊട്ടിച്ച് നീക്കി ആഴം കൂട്ടിയാണ് കാരിക്കടവിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണ്ടത്. കൂടാതെ കോളനിയിൽ ഇരുപതിനായിരം ലിറ്ററിന്റെ ജലസംഭരണി സ്ഥാപിച്ച് കിണറിൽ നിന്ന് വെള്ളം പന്പ് ചെയ്ത് 16 കുടുംബങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമവും തുടങ്ങി.
കൊടകര സിഐ കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിൻ എന്നിവരാണ് കാരിക്കടവ് കോളനിയിലെ ജലവിതരണ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത്. ശാസ്താം പൂവം ആനപ്പാന്തം ആദിവാസി കോളനിയിലും കഴിഞ്ഞ മാസം ജനമൈത്രി പോലിസ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിയിരുന്നു. കെഎസ്ഇബിയുമായി സഹകരിച്ച് മറ്റത്തൂർ പഞ്ചായത്തിലെ ഇരുപതോളം നിർധന കുടുംബങ്ങളിലേക്ക് ജനമൈത്രി പോലിസ് വെളിച്ചമെത്തിക്കുകയും ചെയ്തിട്ടുണ്ട്.