കയ്പമംഗലം: ഓലക്കുടിലിൽ അന്തിയുറങ്ങിയിരുന്ന വയോധികയ്ക്കു കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു.
കൂരിക്കുഴി കന്പനിക്കടവ് വടക്ക് ചക്കമഠത്തിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഫാത്തിമക്കാണ് വീട് നിർമിച്ച് നൽകുന്നത്. ജനമൈത്രി പോലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കിടയിലാണ് കന്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട് എസ്ഐ ജയേഷ് ബാലന്റെ ശ്രദ്ധയിൽപ്പെടുന്നത്.
നാല് തൂണിൽ ഓലമേഞ്ഞ വീട്ടിൽ തനിച്ചാണ് ഫാത്തിമ താമസിച്ചിരുന്നത്. വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട് വെക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് അറിഞ്ഞത്.
കടലിനോട് അടുത്ത് താമസിക്കുന്നതിനാൽ സർക്കാരിന്റെ ഭവന പദ്ധതികളിലും ഫാത്തിമയ്ക്ക് ഇടം നേടാനായില്ല. ഇത് മനസിലാക്കിയതോടെ ഫാത്തിമക്ക് വീടൊരുക്കാൻ പോലീസ് മുന്നിട്ടിറങ്ങുകയായിരുന്നു.
ആസാ ഗ്രൂപ്പ് എംഡി സി.പി. സാലിഹിനെ വിവരമറിയിച്ചപ്പോൾ വീട് നിർമാണം അവർ ഏറ്റെടുത്തു. നാലുലക്ഷം രൂപ ചെലവിട്ട് 390 ചതുരശ്ര അടിയിലാണ് വീട് നിർമിക്കുന്നത്.
ഏപ്രിൽ ആദ്യവാരത്തോടെ നിർമാണം പൂർത്തിയാക്കി വീട് ഫാത്തിമക്ക് കൈമാറും. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് ആറ്റുപറന്പത്ത്, എഎസ്ഐ കെ.എസ്.അബ്ദുൾ സലാം എന്നിവർ ചേർന്ന് വീടിനു തറക്കല്ലിട്ടു.
പോലീസ് ഉദ്യോഗസ്ഥതരായ ഗോപൻ, വിജയശ്രീ, സുരേന്ദ്രൻ, രാഹുൽ രാജ്, ജനമൈത്രി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഒന്നരവർഷം മുന്പാണ് മതിലകം പോലീസ് സ്റ്റേഷൻ വിഭജിച്ച് കയ്പമംഗലം പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ മൂന്ന് നിർധന കുടുംബങ്ങൾക്ക് കയ്പമംഗലം പോലീസ് വീട് നിർമിച്ച് നൽകി.