പാലക്കാട്: ജനമോചന യാത്രയിലും പാർട്ടി ഫണ്ട് പിരിവിലും വീഴ്ചയുണ്ടായതായി പറഞ്ഞ് വെസ്റ്റ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കംചെയ്ത ഡിസിസി പ്രസിഡന്റിന്റേത് തെറ്റായ നടപടിയാണെന്ന് കെ.എം. സിദ്ധീഖ് പ്രസ്താവനയിൽ ആരോപിച്ചു.
വീഴ്ച സംബന്ധിച്ച് നോട്ടീസ് നൽകുകയോ മറ്റ് അന്വേഷണമോ ഡിസിസി പ്രസിഡന്റ് ചെയ്തിട്ടില്ല. പിരിച്ച ഫണ്ട് ഏൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇതിന് രശീതി തന്നിട്ടില്ല. സംഖ്യ കൈപ്പറ്റി രശീത് തരാത്തയാളുടെ പേരിൽ നടപടിയുമില്ല.
പരസ്യപ്രസ്താവന നടത്തിയ ഡിസിസി പ്രസിഡന്റിന്റേത് പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹത്തിന്റെ പേരിൽ നടപടിയെടുക്കണമെന്നും കെ.എം. സിദ്ധീഖ് കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.