പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച സുരക്ഷാ ചുമതല ഡിജിപിക്ക്. മൂന്നിനു പയ്യന്നൂര്‍ നഗരത്തിലും പിലാത്തറ വരെയുള്ള ദേശീയപാതയിലും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ പോലീസ് സേനയെയാണു പയ്യന്നൂരിലെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുന്നത്. ഈ ജില്ലകളിലെ എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിയന്ത്രണത്തില്‍ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതു ഡിജിപിയാണ്. കനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ പോലീസ് ഒരുക്കുന്നത്.
പയ്യന്നൂര്‍ നഗരം മുതല്‍ ആദ്യദിവസത്തെ പദയാത്ര നടത്തുന്ന പിലാത്തറ വരേയും പോലീസ് സേനയെ വിന്യസിക്കുന്നതോടൊപ്പം തളിപ്പറമ്പ് മുതല്‍ തലപ്പാടിവരെയുള്ള ദേശീയപാതയുടെ നിയന്ത്രണവും പോലീസ് ഏറ്റെടുക്കും.
പയ്യന്നൂരിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ…
മംഗലാപുരം ഭാഗത്തു നിന്നു വരുന്ന ലോറികള്‍, ടാങ്കറുകള്‍, കണ്ടെയ്നറുകള്‍ എന്നിവ തലപ്പാടിയിലും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവ തളിപ്പറമ്പിലും പോലീസ് തടയും.
ദേശീയപാതയിലൂടെ വരുന്ന ദീര്‍ഘദൂരബസുകള്‍ പയ്യന്നൂര്‍ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ ദേശീയപാതയിലൂടെ കടന്നുപോകണം. കാസർഗോഡ് നിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നിലെ കോറോം റോഡിലൂടെ മണിയറ വഴി പിലാത്തറയിലേക്കു പോകണം.
രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്നും റെയില്‍വേ മേല്‍പ്പാലം കടന്നു വരുന്ന ബസുകള്‍ കേളോത്ത് ബദര്‍ പള്ളിക്കു സമീപം ഓട്ടം അവസാനിപ്പിച്ചു തിരിച്ചു പോകണം. ഈ റൂട്ടിലൂടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ ബദര്‍പള്ളി-ബൈപാസ് റോഡിലൂടെ ദേശീയപാതയിലെത്തണം. ദേശീയപാതയില്‍ നിന്നും നഗരത്തിലേക്കും റെയില്‍വേ മേല്‍പ്പാലവും വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാൻഡ്-നിർദിഷ്ട സ്റ്റേഡിയം റോഡിലൂടെ കടന്നുപോകണം.
ഗാന്ധിപാര്‍ക്ക് റോഡ്, സിഐടിയു റോഡ്, നായനാര്‍ ആശുപത്രി റോഡ്, അമ്പലം റോഡ് എന്നീ റോഡുകളില്‍ വാഹനങ്ങള്‍ക്കു കടുത്ത നിയന്ത്രണമുണ്ടാകും. പദയാത്ര കടന്നുപോകുന്ന മുറയ്ക്ക് എടാട്ട്, ഏഴിലോട്, കെഎസ്ടിപി റോഡ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചുവിടും. ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടിക്കായി ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.
ഉച്ചയ്ക്കു ശേഷം നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കേണ്ട ആളുകളുമായി വരുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം പിലാത്തറയിലെത്തി പാര്‍ക്ക് ചെയ്യണം. കണ്ണൂരിൽ നിന്നു വരുന്നവർ കെഎസ്ടിപി റോഡിലൂടെ പഴയങ്ങാടി-മുട്ടം-കുന്നരു-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് വഴി യാത്രചെയ്താല്‍ ഗതാഗതക്കുരുക്കൊഴിവാക്കാനാകും. എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ദിശാസൂചിക അനുസരിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മൂന്നിനു പയ്യന്നൂരിലെ മദ്യശാലകളും അടച്ചിടും.