കണ്ണൂർ: അക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ 2,00850 രൂപ. ഇതിൽ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ വാക്സിൻ ദുരിതാശ്വാസനിധിയിലേക്കു നൽകി.
കണ്ണൂർ കുറുവ സ്വദേശി ജനാർദനനാണ് തന്റെ ജീവിതകാലത്ത് ബീഡി തെറുത്തു സമ്പാദിച്ച പണം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്.
കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥനായ സി.പി. സൗന്ദർരാജിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലക്ഷങ്ങൾ സംഭാവന നൽകിയ ബീഡിത്തൊഴിലാളിയെക്കുറിച്ച് പുറംലോകമറിഞ്ഞത്.
തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി മാധ്യമങ്ങളുടെ ശ്രമം. ഇന്നലെ രാവിലെയോടെയാണ് ആളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ജനാർദനൻ കണ്ണൂരിലെ കേരള ബാങ്ക് ശാഖയിലെത്തി പാസ് ബുക്ക് നൽകി അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് തിരക്കുകയും അതിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകുകയും ചെയ്തിരുന്നു.
ഭിന്നശേഷിക്കാരനായ ഇദ്ദേഹം രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നു പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാർ ആദ്യമൊന്നു ഞെട്ടി.
ഇതു മുഴുവൻ സംഭാവന നൽകിയാൽ ചേട്ടന് ജീവിക്കാൻ വേറെ വരുമാനം ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ, 35 വർഷം ദിനേശിൽ ജോലിചെയ്തയാളാണ് താനെന്നും ഇപ്പോഴും വീട്ടിലിരുന്ന് ബീഡി തെറുക്കാറുണ്ടെന്നും ഇതിൽനിന്ന് ആയിരം രൂപയോളം ലഭിക്കുന്നുണ്ടെന്നും കൂടാതെ വികലാംഗ പെൻഷനും ലഭിക്കുന്നുണ്ടെന്നുമായിരുന്നു ജനാർദനന്റെ മറുപടി.
തന്റെയും ഭാര്യയുടെയും ഗ്രാറ്റുവിറ്റിയൊക്കെ ചേർന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നതെന്നും ആ തുകയാണ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സംഭാവന ചെയ്തതെന്നും ജനാർദനൻ പറഞ്ഞു. പണം നൽകിയകാര്യം ആരോടും പറയരുതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
“”ഞാനൊരു വികലാംഗനാണ്. പണ്ടേ എന്നിലായി ഒതുങ്ങിനിൽക്കുന്നയാളാണ് ഞാൻ. അതുകൊണ്ടാണ് പുറത്താരും അറിയേണ്ടെന്നു പറഞ്ഞത്.
കേരളത്തിലുള്ള എല്ലാവരും മനസുവച്ചാൽ വാക്സിൻ ചലഞ്ച് എന്നത് ഒരു നിസാരകാര്യമാണ്.
അത്രയും സമ്പത്തും കഴിവും വിദ്യാഭ്യാസവുമൊക്കെയുള്ള ജനങ്ങളാണ് മലയാളികൾ. മുഖ്യമന്ത്രി ഒരു വാക്ക് പറഞ്ഞിരുന്നു, വാക്സിൻ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്രസർക്കാർ വാക്സിന് വില നിശ്ചയിച്ചല്ലോ.
അത് മൊത്തം ആലോചിച്ചുനോക്കുമ്പോൾ നമ്മുടെ കേരളത്തിന് താങ്ങാൻ പറ്റുന്നതിൽ അപ്പുറമാണ് ആ വില. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താൻ ഈ കാര്യം ചെയ്തത്.
സ്വന്തം കാര്യം മാത്രം നോക്കാതെ സമൂഹത്തിനുവേണ്ടിക്കൂടി കാര്യങ്ങൾ ചെയ്യണം. ഇടുങ്ങിയ ചിന്താഗതി മാറ്റി വിശാലമായി ചിന്തിക്കണം എന്നു മാത്രമേ പൊതുസമൂഹത്തോടു പറയാനുള്ളൂ”- ഇതായിരുന്നു ജനാർദനന്റെ പ്രതികരണം.