കണ്ണൂർ: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി വാക്സിന് ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദനനും.
തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാർ, ഗേറ്റ് പാസുകളും ജനാര്ദനന് തന്നെയാണ് പുറത്തുവിട്ടത്. വിവിഐ പാസാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
ജനാര്‍ദനന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയില്‍, 850 രൂപ ബാക്കിവച്ച് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്‍കിയാണ് ജനാര്ദനന് ശ്രദ്ധേയനായത്.
ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദനന്റെ കഥ പുറംലോകമറിഞ്ഞത്.
35 വര്‍ഷത്തോളമായി ദിനേശ് ബീഡി തൊഴിലാളിയാണ് ജനാര്ദനന്. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത്.
അതില്‍ നിന്നാണ് അദ്ദേഹം വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.