ജോണ്സണ് വേങ്ങത്തടം
അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാനദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്.
ഉമ്മന്‍ചാണ്ടി ഒരിക്കലും തനിച്ചായിരുന്നില്ല. അദ്ദേഹം എപ്പോഴും ജനമധ്യത്തിലായിരുന്നു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഇവിടെ പൂര്‍ണമാവുന്നു.
ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജനവിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി.
ഉമ്മന്‍ ചാണ്ടിക്ക് ആ പരിപാടി യുഎന്‍ അംഗീകാരം വരെ നേടിക്കൊടുത്തു. 2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു.
പാവപ്പെട്ടവര്‍, നിന്ദിതര്‍, പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അങ്ങനെയുള്ളവരായിരുന്നു സഹായങ്ങൾ ലഭിച്ചവരിൽ ഏറെയും.
ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാല്‍ എത്ര ബുദ്ധിമുട്ടിയാലും ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഉമ്മന്‍ ചാണ്ടി ശൈലി. മുഖ്യമന്ത്രി പദത്തിലും ആ പ്രവര്‍ത്തന പാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്.
ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു.
അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യുഡിഎഫ് മുന്നോട്ട് വച്ച വികസനവും കരുതലും എന്ന മുദ്രാവാക്യത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടന്നവർക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരും നിരാശരായില്ല.
19 മണിക്കൂര്‍ വരെ ഒരേ നില്‍പ്പുനിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇരുള് വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പര്‍ക്ക പരിപാടി മാറി.
ജനങ്ങളുടെ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വപരമായ സമീപനം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കേരള മോഡല്‍ വികസനത്തിനുശേഷം ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഭരണ മാതൃകയായിരുന്നു ജനസമ്പര്‍ക്ക പരിപാടി.
ദേശീയ തലത്തിലേക്ക് വരെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ തക്ക സംഘടനാ വൈദഗ്ധ്യവും പ്രവര്‍ത്തന മികവും ഉണ്ടായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.
എന്നാല്‍ 1970 ല്‍ ഇരുപ്പത്തിയേഴാം വയസില്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അന്ന് മുതല്‍ ഇന്നുവരെ പുതുപ്പള്ളിയെയും കേരളത്തെയും വിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഉമ്മന്‍ചാണ്ടി തയാറായില്ല.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കില്ലെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നതോടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പുതുപ്പള്ളിക്ക് എന്താണെന്ന് തെളിയിക്കുന്നതായിരുന്നു.
കൊച്ചുകുട്ടികള്‍ക്കുപോലും അദ്ദേഹം ഉമ്മന്‍ചാണ്ടിയായിരുന്നു. കീറിയ ഷര്‍ട്ട് പോലെ എളിയ ജീവിതം നയിച്ച ഒരു അപൂർവ വ്യക്തിത്വത്തിന്റെ ഉടമ.
ഒരു അഴിമതി ആരോപണത്തിനുപോലും അദ്ദേഹത്തിന്റെ വെളുത്ത ഷര്‍ട്ടിലും മനസിലും കറപ്പിടിക്കാന്‍ സാധിച്ചില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ആരോപണങ്ങളെ ചിരിച്ചു തള്ളാന്‍ അദ്ദേഹത്തിനു ശക്തിനല്‍കിയതും അദ്ദേഹം ജനക്കൂട്ടത്തില്‍ തനിച്ചായിരുന്നില്ല എന്നതായിരുന്നു.