ആലുവ: രണ്ടു പതിറ്റാണ്ടോളം തെരുവുബാല്യങ്ങൾക്കായി പ്രവർത്തിച്ച ജനസേവ ശിശുഭവൻ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന കുട്ടികളെ ജില്ലയിലെ സമാന സ്ഥാപനങ്ങളിലേക്കു മാറ്റിയശേഷമാണ് ജനസേവ പ്രവർത്തനം നിർത്തിയത്. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരും പിരിഞ്ഞുപോയി.
സർക്കാരിന്റെ നിസഹകരണത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തനം അവസാനിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.കെട്ടിടങ്ങൾ സർക്കാരിൽനിന്നു വിട്ടുകിട്ടുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്കോളര്‍ഷിപ്പ് പദ്ധതിയും സൗജന്യ കായിക പരിശീലനകേന്ദ്രവും ആരംഭിക്കാനാണ് ജനസേവ അധികൃതരുടെ അടുത്ത നീക്കം.
നൂറുകണക്കിന് കുട്ടികളെ തെരുവിലെ ക്രൂരയാതനകളില്നിന്നു രക്ഷിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. 70 ഓളം കുട്ടികള്‍ വിദേശത്തും സ്വദേശത്തുമായി ജോലി നോക്കുന്നു. 12 പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു.
ജനസേവയിൽനിന്നു പഠിച്ചിറങ്ങിയ കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ 2018 മേയ് 20നാണ് സാമൂഹ്യനീതി വകുപ്പ് ജനസേവ ഏറ്റെടുത്തത്. മൂന്നു മാസത്തേക്കാണ് ഏറ്റെടുക്കുന്നതെന്നും അന്വേഷണം പൂർത്തിയായാൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാൽ ജനസേവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചതുമില്ല. പുറമേനിന്നുള്ള സാമ്പത്തിക സഹായം വാങ്ങാനാകാതെയും വന്നു. ഇതോടെ സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഒന്നരക്കോടിയോളം രൂപയുടെ ബാധ്യത നിലവിൽ ജനസേവയ്ക്കുണ്ടെന്നു ജോസ് മാവേലി പറഞ്ഞു.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം 1996 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനമാണ് ആലുവ ജനസേവ. മുന്‍ എറണാകുളം ജില്ലാ കളക്ടറും അന്നത്തെ ടെല്‍ക് ചെയര്‍മാനുമായിരുന്ന കെ.ആര്. രാജന് രക്ഷാധികാരിയും ജോസ് മാവേലി പ്രസിഡന്റുമായിട്ടാണു പ്രവർത്തനം തുടങ്ങിയത്.