കൊല്ലം: തിരുവനന്തപുരം – കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരുന്നത് ദീർഘിപ്പിച്ച് റെയിൽവേ.
പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിൽ ഒക്ടോബർ 16 മുതലും കണ്ണൂർ-തിരുവനന്തപുരം സർവീസിൽ 17 മുതലുമായിരിക്കും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുക. ഇരു ട്രെയിനുകളിലും 20 വീതം കോച്ചുകൾ ഉണ്ടാകും.
നേരത്തേ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ നാളെ മുതലും കണ്ണൂർ – തിരുവനന്തപുരം സർവീസിൽ 30 മുതലും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നത്. തീയതി ദീർഘിപ്പിച്ചതിൻ്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വണ്ടികളുടെ സ്റ്റോപ്പുകളുടെ എണ്ണത്തിലും സമയക്രമത്തിലും മാറ്റമൊന്നുമില്ല.
കേരളത്തിൽ ഓടുന്ന എൽഎച്ച്ബി കോച്ചുകളിൽ ഭൂരിഭാഗവും ചുവപ്പ് നിറത്തിലുള്ളത്. എന്നാൽ അടുത്തിടെ നീല നിറത്തിലുള്ള എൽഎച്ച്ബി കോച്ചുകളും അടുത്തിടെ റെയിൽവേ പുറത്തിറക്കി.
ജനശതാബ്ദിയിലും നീല നിറത്തിലുള്ള കോച്ചുകളായിരിക്കും ഉൾപ്പെടുത്തുക. ഇതിനായി പ്രസ്തുത നിറത്തിലുള്ള ഒഴിഞ്ഞ റേക്കുകൾ അടങ്ങിയ വണ്ടി കൊല്ലത്ത് എത്തിയിട്ടുണ്ട്. ഇവിടത്തെ തിരക്കൊഴിഞ്ഞ ട്രാക്കിൽ ഈ റേക്കുകൾ നിർത്തിയിട്ടിരിക്കയാണ്.