സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ജനതാപാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ആശങ്ക. നേരത്തെ ലയനത്തിന് അനുകൂല നിലപാട് സ്വീകരിച്ച ജനതാദള്‍ എസ് (ജെഡിഎസ്) ഇപ്പോള്‍ ലയനം വേണ്ടെന്ന നിലപാടിലാണ്.
ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ലയനത്തിനെതിരേ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ലോക് താന്ത്രിക് ജനതാദളു (എല്‍ജെഡി) മായി പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ജെഡിഎസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിന് മുന്‍പ് ലയിക്കണമെന്ന് സിപിഎം നിര്‍ദേശം പോലും അവഗണിച്ചാണ് എല്‍ജെഡി മത്സരരംഗത്തിറങ്ങിയത്.
ജെഡിഎസിന് മുന്‍ഗണന
നിലവില്‍ മുന്നണിയുടെ ഭാഗമായ എല്ജെഡിയേക്കാള് സീറ്റുകള്‍ ജെഡിഎസിനാനുള്ളത്. എല്‍ജെഡിക്ക് ഒരു എംഎല്‍എ മാത്രമാണുള്ളത്. അതിനാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ ജെഡിഎസിന് മുന്‍ഗണന ലഭിക്കും.
രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്ന് ഒരു മന്ത്രിസ്ഥാനമെന്നത് ഉറപ്പാണ്. ഇരുപാര്‍ട്ടികളും ലയിച്ചാലും ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജെഡിഎസിനാണ് മുന്‍തൂക്കം. അതിനാല്‍ ലയനം നടപ്പാക്കിയാലും ഇല്ലെങ്കിലും ജെഡിഎസിന് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല.
വടകരയുടെ ഉത്തരവാദിത്തംഎല്ജെഡിക്ക്
തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ വടകര നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം എല്‍ജെഡിക്ക് മാത്രമാണെന്നും ജെഡിഎസ് ആരോപിക്കുന്നുണ്ട്.ജെഡിഎസിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത വടകരയില്‍ ഇത്തവണ യുഡിഎഫാണ് വിജയിച്ചത്. വോട്ടുകണക്കുകളില്‍ അവകാശവാദം ഉന്നയിച്ചായിരുന്നു എല്‍ജെഡി മത്സരിച്ചത്.
കൽപ്പറ്റയിലെ തോൽവി മങ്ങലാകും
കല്‍പ്പറ്റയിലും വാശിപിടിച്ചു മത്സരിച്ച ശേഷം പരാജയപ്പെട്ടതും എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. അതേസമയം ലയനത്തിനോട് എല്‍ജെഡിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്.
മന്ത്രിസ്ഥാനം ലഭിക്കാതെ എംഎല്‍എ മാത്രമായി തുടരേണ്ടി വന്നാല്‍ ലയനംകൊണ്ട് യാതൊരുഗുണവും പാര്ട്ടിക്കുണ്ടാവില്ലെന്നാണ് എല്‍ജെഡി നേതാക്കളുടെ അഭിപ്രായം.
എന്നാല്‍ പാര്‍ട്ടികള്‍ ലയിച്ചാല്‍ മാത്രം മന്ത്രിസ്ഥാനമെന്നാണ് സിപിഎം പറയുന്നത്. ഇന്ന് ചേരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ജെഡിഎസ് നിലപാട് വ്യക്തമാക്കും.