കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനുള്ള സാധ്യത മങ്ങിയ ജനതാദൾ-എസ് ഇന്നു അടിയന്തരയോഗം കൊച്ചിയിൽ ചേരുന്നു. കഴിഞ്ഞ പ്രാവശ്യം കോട്ടയത്തു മത്സരിച്ച ജനതാദൾ-എസിനു കോട്ടയം സീറ്റ് വേണ്ടെന്നു നേരത്തെ അറിയിച്ചിരുന്നു.
പാലക്കാട് ഉൾപ്പെടെയുള്ള സീറ്റുകൾ ചോദിച്ചെങ്കിലും സിപിഎം കൊടുക്കില്ല. ജനതാദൾ-എസിനു സീറ്റ് നൽകിയില്ലെന്നു അറിയിച്ചതായും അറിയുന്നു. ഏതായാലും ഇന്നു സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന സമിതിയോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഏതു സീറ്റ് ലഭിക്കണമെന്നും എത്ര സീറ്റുകൾ ലഭിക്കണമെന്നും യോഗത്തിൽ ചർച്ചയുണ്ടാകും. എന്നാൽ സീറ്റുകൾ നൽകില്ലെന്ന സിപിഎമ്മിന്റെ നിലപാടും പാർട്ടിയിൽ ചർച്ചയാകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാലക്കാട് മേഖലയിലാണ് ജനതാദൾ-എസിനു കൂടുതൽ വോട്ടുള്ളത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മണ്ഡലമായ ചിറ്റൂർ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഏറ്റവും സ്വാധീനമുള്ളതും ജനതാദൾ എസിനാണ്. പാലക്കാട് ജില്ലയിൽ ഇതു പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇതിന്റെ പേരിൽ പാലക്കാട് സീറ്റ് നൽകാൻ കഴിയില്ലെന്നാണ് സിപിഎം നിലപാട്. എൽഡിഎഫിൽ കടുത്ത നിലപാട് സ്വീകരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ജനതാദളിനു സാധിക്കില്ല.