ജോണ്സണ് വേങ്ങത്തടം
കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒരു സീറ്റില്‍ ഒതുക്കി.
ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ക്കു പോലും സീറ്റില്ലെന്നാണ് സിപിഎം നല്കിയ സൂചന.
കഴിഞ്ഞ പ്രാവശ്യം പൂഞ്ഞാര്‍, ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനു ഇടതുതരംഗത്തിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഇക്കുറി തിരുവന്തപുരത്ത് ആന്റണി രാജുവിനു മാത്രമേ സീറ്റുള്ളൂവെന്നാണ് അറിയുന്നത്. ഡോ. കെ.സി. ജോസഫിനായി ചങ്ങനാശേരി സീറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല.
ഈ സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്കുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി വേണമെന്നാണ് സിപിഐ ആവശ്യം. ഇതോടെ ഡോ. കെ.സി. ജോസഫിനു സീറ്റില്ല.
പി.സി. ജോസഫ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസോ സിപിഐയോ മത്സരിക്കുമെന്നറിയുന്നു. ഇതോടെ പാര്‍ട്ടി ഒരു പൊട്ടിത്തെറിയുടെ വക്കിലേക്കു നീങ്ങുകയാണ്.
നിലവില്‍ നല്‍കാമെന്നു പറഞ്ഞ ഒരു സീറ്റിനു പുറമേ ഒരു സീറ്റു കൂടി തരപ്പെടുത്താനുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണെന്നു ആന്റണി രാജു വ്യക്തമാക്കുന്നു.
ഇതിനിടയില്‍ ഇന്നു കോട്ടയത്തു ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗം ചേരുന്നുണ്ട്.
നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നു നേതാക്കള്‍ വ്യക്തമാക്കുമ്പോഴും സീറ്റിന്റെ പേരിലുള്ള അസ്വസ്ഥത മറനീക്കി പുറത്തുവരുമെന്നാണ് അറിയുന്നത്.
ഒരു സീറ്റില്‍ എല്‍ഡിഎഫില്‍ ഒതുക്കിയ സാഹചര്യത്തില്‍ മുന്നണിയില്‍നിന്നും മാറി നില്ക്കണമെന്നു വാദിക്കുന്നവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയത്തെ നിര്ണായകയോഗമായിരിക്കുമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഏതായാലും ചില നേതാക്കളുടെ ഇടപെടലാണ് സീറ്റ് നഷ്ടപ്പെടുത്തിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്. യുഡിഎഫിലേക്കു തിരിച്ചു പോകുന്നതിനെ കുറിച്ചു ചിന്തിക്കുന്ന നേതാക്കളും പാര്‍ട്ടിയിലുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കെ. ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു എല്‍ഡിഎഫിലേക്കു ചെക്കേറിയത്.
ഇരുകൈയും നീട്ടി സ്വീകരിച്ച എല്‍ഡിഎഫ്, ജനാധിപത്യ കേരള കോണ്‍ഗ്രസിനു നാലു സീറ്റുകളാണ് നല്‍കിയത്.
എന്നാല്‍ ഇവര്‍ക്കു ജയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാര്‍ട്ടിയില്‍നിന്നും കെ. ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലേക്കു മാറി.