തിരുവനന്തപുരം: സ്വർണക്കടത്ത്, രാമനാട്ടുകര ക്വട്ടേഷൻ വിവാദങ്ങളിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ ആണ് വിമർശനമുയർത്തിയിരിക്കുന്നത്.
കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലേഖനം പറയുന്നു.
ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്.
ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല.
ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ലേഖനം ഓർമിപ്പിക്കുന്നു.