കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെതിരേ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. “മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വയ്ക്കുന്നു. “ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും.
പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്’, ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയരുന്നു. മദ്യവ്യവസായത്തിന് എവിടെനിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല.
അതിലൂടെ കാര്‍ഷികമേഖലയാകെ സ്തംഭനത്തിലാകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ട വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖലയാകെ ഇല്ലാതാകും’ എന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.