കൊച്ചി: ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടിയ സംഭവത്തിൽ കൊച്ചിയിൽ വിതരണം നടത്തിയിരുന്നത് ആര്യയും (23) അജ്മൽ റസാഖും (32) വഴി.
ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്നുകള്‍ വില്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. വിവാഹിതരല്ലെങ്കിലും അജ്മല്‍ റസാഖും ആര്യയും ഒരുമിച്ചാണ് താമസമെന്നും പോലീസ് പറഞ്ഞു.
സംഘത്തിലെ പ്രധാനിയായ കാസര്‍ഗോഡ് സ്വദേശി വി.കെ. സമീറിനെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് മാരകമായ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് സമീറാണ്. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ് അജ്മല്‍. വൈപ്പിന്‍ പെരുമ്പിള്ളി സ്വദേശിനിയാണ് ആര്യ.
46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ ഉള്‍പ്പടെ ലക്ഷണങ്ങള്‍ വിലവരുന്ന മയക്കുമരുന്നുകളാണ് സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്.
സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുകയാണ്. ഇതിന്റെ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് വിറ്റഴിക്കുന്നത്.
ഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപയ്ക്കും ഹാഷിഷ് ഓയില്‍ മൂന്നു മില്ലിഗ്രാമിന് 1000 മുതല്‍ 2,000 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളും ലഹരി വില്‍പ്പനയ്ക്കായി സഹായത്തിനുണ്ടെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി എറണാകുളം സൗത്തിലെ ഫ്ളാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. “ലഹരി മുക്ത കൊച്ചി’ക്കായി സിറ്റി പോലീസ് നടപ്പാക്കുന്ന “യോദ്ധാവ്’ എന്ന വാട്ട്സാപ് വഴിയാണ് പ്രതികളുടെ വിവരങ്ങള്‍ ലഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. ഈ മാസം വിവിധ ഭാഗങ്ങളില്‍ നിന്നായി 55 ഗ്രാം എംഡിഎംഎയും അര കിലോ കഞ്ചാവും പിടികൂടി. അഞ്ചു പേരെ അറസ്റ്റു ചെയ്തു.
നാര്‍ക്കോട്ടിക് എസിപി ബിജോ ജോര്‍ജ്, സെന്‍ട്രല്‍ എസ്ഐ വിജയ് ശങ്കര്‍, ഡാന്‍സാഫ് എസ്ഐ ജോസഫ് സാജന്, സെന്‍ട്രല്‍ എസ്ഐ കെ.എക്സ്. തോമസ്, വി. വിദ്യ, എസ്പി ആനി, എഎസ്ഐ കെ.ടി. മണി, സീനിയര്‍ സിപിഒ എം.എന്‍. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.