കോഴിക്കോട്: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ യുവതികള്‍ രണ്ടുപേരെ വധിക്കാന്‍ ആഹ്വാനം ചെയ്തതായി വിവരം.
ഇസ്ലാമിക് സ്റ്റേറ്റിനെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും രൂക്ഷമായി വിമര്ശിക്കുന്നവര്ക്കെതിരേയാണ് ഇരുവരും രംഗത്തെത്തിയത്.
കൊയിലാണ്ടി സ്വദേശിയായ ജാമിത ടീച്ചറെയും കണ്ണൂരിലെ ജിംട്രെയിനറെയും ഇവര്‍ എതിരാളികളായി കണ്ടിരുന്നുവെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കു തെളിവ് ലഭിച്ചു.
തുടര്‍ന്നാണ് ഡല്‍ഹിയില്‍നിന്നുള്ള എന്‍ഐഎ സംഘം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ താഴെത്തെരു സ്വദേശിനി സിഫ ഹാരീസിനെയും ബന്ധുവായ താണ സ്വദേശി മിസ്ഹയെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ഭീഷണി
ഐഎസിനെതിരേ പരസ്യമായി പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ പോരാളികള്‍ക്ക് ആയില്ലെങ്കില്‍ ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കാമെന്ന രീതിയില്‍ ഇവര്‍ ആശയവിനിമയം നടത്തിയതായാണ് എന്‍ഐഎ കണ്ടെത്തിയതെന്നാണ് വിവരം.
കൂടാതെ ജമ്മു കാശ്മീര്‍ വിഷയങ്ങളിലുള്‍പ്പെടെ ദേശവിരുദ്ധ വികാരമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎ ലഭിച്ചിട്ടുണ്ട്.
രാജ്യത്താദ്യമായി ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്കിയ മുസ്ലിം വനിതയായിരുന്നു ഖുറാന് സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന ജാമിത.
വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരണങ്ങള്ക്ക് പുരുഷന്മാരാണ് നേതൃത്വം നല്‍കാറുള്ളത്.
എന്നാല്‍ ഈ പതിവിനു വിപരീതമായിട്ടായിരുന്നു ജാമിത നമസ്കാരം നടത്തിയത്. ഇതിന്റെ പേരില്‍ ജാമിതയ്ക്കു വധഭീഷണിയുണ്ടായിരുന്നു.
സോഷ്യൽ മീഡിയ വഴി തുടർച്ചയായി വിമർശനങ്ങൾ നടത്തുന്ന വ്യക്തികൂടിയാണ് ജാമിത.
നിലവിലെ വ്യവസ്ഥകള്‍ക്കു വിപരീതമായി സഞ്ചരിച്ചതിന്റെ പേരിലാണ് ജാമിതക്കെതിരേ നീങ്ങാന്‍ ഐഎസ് ബന്ധമുള്ള യുവതികളെ പ്രേരിപ്പിച്ചത്.
കണ്ണൂരിലെ ജിംനാസ്റ്റിക് ട്രെയിനറും സമാനമായ ആശയങ്ങളുമായാണ് പ്രവര്‍ത്തിക്കുന്നത്.
“ഹിറ്റ് ലിസ്റ്റില്‍’ അഞ്ചും ആറും സ്ഥാനക്കാർ
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കണ്ണൂര്‍ സ്വദേശികളും ബന്ധുക്കളുമായ ഷിഫ ഹാരീസ്, മിസ്ഹ സിദ്ദീഖ് എന്നിവര്‍ക്കെതിരേ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
റിപ്പോര്‍ട്ടില്‍ അഞ്ച്, ആറ് സ്ഥാനത്തായിരുന്നു ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയത്.
ഇവർക്ക് പുറമേ അഞ്ചുപേര്‍കൂടി പട്ടികയിലുണ്ടായിരുന്നു. ഇതില്‍ മലയാളിയായ അബു യഹ്യ എന്ന മുഹമ്മദ് അമീന്, ഡോ.റഹീസ് റഷീദ്, മുഷബ് അനുവര് എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ കൂടാതെ കാസര്‍ഗോഡ് ചെന്തേര സ്വദേശി ബിലാല്‍ എന്ന ഇര്‍ഷാദ് തെക്കേകോലത്ത്, അഞ്ചല്‍ കണ്ണങ്കോട് സ്വദേശി രാഹുല്‍ മനോഹരന് എന്ന രാഹുല്‍ അബ്ദുള്ള, എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തിയിരുന്നു.
ആശയ പ്രചാരണം വിദേശത്തുനിന്ന്
വിദേശത്തുനിന്നായിരുന്നു ക്രോണിക്കൾ ഫൗണ്ടേഷന് എന്ന ഗ്രൂപ്പുണ്ടാക്കി ഇരുവരും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
വിദേശത്തുനിന്ന് ഈ വര്‍ഷമാദ്യമാണ് ഇരുവരും നാട്ടിലെത്തിയത്. ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ നാടുകടത്തുകയായിരുന്നു.
ഈ വിവരത്തെ തുടര്‍ന്ന് നാട്ടിലെത്തിയത് മുതല്‍ ഇവരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
അതിനിടെ മാര്‍ച്ചില്‍ എന്‍ഐഎ ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ഡിജിറ്റില്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
ബന്ധുവഴി ഐഎസിലേക്ക്
വിദ്യാസമ്പന്നരായ യുവതികളെ ഐഎസ് ആശയങ്ങളിലേക്ക് ആകൃഷ്ടരാക്കിയതു ബന്ധുവാണെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.
മുഷബ് അനുവറാണ് ബന്ധുക്കളായ ഇരുവര്‍ക്കും നിരന്തരം ഇത്തരത്തിലുള്ള ക്ലാസുകള്‍ നല്‍കിയിരുന്നത്.
മുഹമ്മദ് അമീന്റെ നേതൃത്വത്തിലുണ്ടാക്കിയ ടെലിഗ്രാം, ഹൂപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഐഎസിന്റെ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ കണ്ണികളാവുകയുമായിരുന്നു.
കെ.ഷിന്റുലാൽ