ഏറ്റുമാനൂർ: ബോബി സേവ്യർ തന്റെ രണ്ടു ബസുകൾ ഒരു ദിവസം കാരുണ്യവഴിയിലൂടെ സർവീസ് നടത്തിയപ്പോൾ വിധവയായ കാൻസർ രോഗിയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 75000 രൂപ. അതിരന്പുഴ സ്വദേശിയായ വീട്ടമ്മ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിറിഞ്ഞ പ്രവാസിയും അതിരന്പുഴ സ്വദേശിയുമായ മാനാട്ട് ബോബി സേവ്യർ തന്റെ രണ്ടു ബസുകളുടെയും ഒരു ദിവസത്തെ കളക്ഷൻ ചികിത്സാ സഹായമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തോടൊപ്പം ബസുകളിലെ ജീവനക്കാർ, യാത്രക്കാർ, ബസുകൾ കടന്നു പോകുന്ന വിവിധ പ്രദേശങ്ങളിലെ നാട്ടുകാർ, സംഘടനാ പ്രവർത്തകർ തുടങ്ങിയവർ തോളോടുതോൾ ചേർന്നപ്പോൾ കാരുണ്യ പ്രവൃത്തികളിൽ വേറിട്ട അനുഭവമായി മാറി.അതിരന്പുഴ ചെരുവിൽ ജാൻസിക്ക് മജ്ജ മാറ്റിവയ്ക്കൽ ചികിത്സക്കായുള്ള ധനസമാഹരണമാണ് നടന്നത്.
തന്റെ രണ്ട് ബസുകളിലെ ഒരു ദിവസത്തെ കളക്ഷൻ പൂർണമായി ജാൻസിക്കു നൽകാൻ ബസുടമ ബോബി സേവ്യർ തീരുമാനിച്ചപ്പോൾ തങ്ങളുടെ ഒരു ദിവസത്തെ ശന്പളം സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് ജീവനക്കാർ അദ്ദേഹത്തെ പിന്തുണച്ചു. ധനസമാഹരണത്തിന് അതിരന്പുഴ മാറാന്പ് നവോദയ ക്ലബ്ബിലെ അംഗങ്ങളുടെയും സഹകരണമുണ്ടായി.
പതിവു യാത്രക്കാർ ബക്കറ്റുകളിൽ കൂടുതൽ തുക നിക്ഷേപിച്ചു. ആയിരം രൂപ വരെ നൽകിയ യാത്രക്കാരുണ്ട്. ഈ സംരംഭത്തിൽ പങ്കാളികളാകാൻ വേണ്ടി കാത്തു നിന്ന് ദേവമാതാ ബസുകളിൽ കയറിയവരുണ്ട്. വിവിധ ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും കാത്തു നിന്നവരും ബക്കറ്റുകളിൽ തങ്ങളുടെ വിഹിതം നിക്ഷേപിച്ചു. അതിരന്പുഴയിൽ ഒരു വ്യാപാരി കൈ കാട്ടി ബസ് നിർത്തിച്ച് 5000 രൂപ നൽകി.
ബസ്സ്റ്റാൻഡുകളിൽ നൽകേണ്ട പ്രവേശന ഫീസിൽ നിന്ന് ദേവമാതാ ബസുകളെ ഒഴിവാക്കി. എല്ലാ വിഭാഗം ജനങ്ങളും ഒരേ മനസോടെ ഒരുമിച്ചപ്പോൾ ലഭിച്ചത് 61724 രൂപയാണ്. ബാക്കി തുക സ്വന്തം കയ്യിൽ നിന്നെടുത്ത് 75,000 രൂപ തികച്ചു കൊടുക്കാൻ ബസുടമ ബോബി സേവ്യർ തീരുമാനിച്ചു.
ബസ് ജീവനക്കാരായ സന്തു, പ്രസാദ്, ബിനു, ജെബിൻ, പ്രകാശൻ, ശരത്, സെബാൻ, ബിബിൻ, പ്രശോഭ്, നവോദയ ക്ളബ്ബ് സെക്രട്ടറി ജിൻസ് നവോദയ, അംഗങ്ങളായ ജിക്കു മാത്യു പുളിങ്ങാപ്പള്ളിൽ, അജിൻ കുര്യൻ, ജിതിൻ പാറശ്ശേരിൽ, അമൽ സെബാസ്റ്റ്യൻ, ജ്യോതിസ് ജോർജ്, റോബിൻ ജേക്കബ് എന്നിവരാണ് രാവിലെ മുതൽ രാത്രി വരെ ഫണ്ട് സമാഹരണത്തിനായുണ്ടായിരുന്നത്.
സമാഹരിച്ച തുക ഇന്നലെ ജാൻസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിന്റെ രേഖകൾ ജാൻസിക്ക് കൈമാറുമെന്ന് ബസുടമ ബോബി സേവ്യറിന്റെ സുഹൃത്തും പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ ബിജു ജോർജ് കൊട്ടാരംപറന്പിൽ പറഞ്ഞു.
ഇപ്പോൾ സമാഹരിച്ച തുകക്കു പുറമേ 50000 രൂപയോളം ജാൻസിയുടെ അക്കൗണ്ടിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. ചികിത്സക്ക് 8 ലക്ഷം രൂപയോളമാണ് വേണ്ടത്. ബാക്കി തുകയും സുമനസുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ജാൻസി.