ഏറ്റുമാനൂർ: കോട്ടയം – കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസുകൾ രണ്ടും നാളെ ഓടുന്നത് കാരുണ്യത്തിന്റെ വഴിയേയാണ്. നാളെ രണ്ടു ബസുകളിലും കണ്ടക്ടർമാരും ടിക്കറ്റും ഉണ്ടാകില്ല. ആർക്കും ബസുകളിൽ കയറാം. എവിടെയുമിറങ്ങാം. സന്നദ്ധ പ്രവർത്തകർ നീട്ടുന്ന ബക്കറ്റിലേക്ക് യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക മുഴുവനും അതിരന്പുഴ ചെരുവിൽ പരേതനായ ബിജുവിന്റെ ഭാര്യ ജാൻസിയുടെ ചികിത്സാ ചെലവിലേക്കുള്ളതാണ്.
ജാൻസി കാൻസർ രോഗിയാണ്. മൾട്ടിപ്പിൾ മൈനോമ – മജ്ജയിലെ കാൻസർ ആണ് രോഗം. കഴിഞ്ഞ ഒന്പത് മാസമായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ചികിത്സ. ഇതിന് എട്ടു ലക്ഷത്തിലേറെ രൂപ ചെലവാകും. പക്ഷേ ഈ തുക കണ്ടെത്താൻ ജൻസിക്ക് സാധിക്കുന്നില്ല.
പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഭർത്താവ് സജി മൂന്നു വർഷം മുന്പ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. തയ്യലിലൂടെ ലഭിക്കുന്ന തുകയായിരുന്നു പിന്നെ കുടുബത്തിന്റെ ഏക വരുമാനം. ജാൻസി രോഗബാധിതയായതോടെ അതും നിലച്ചു. 11 ഉം ആറും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. ഭർത്താവിന്റെ പിതാവും കാൻസർ രോഗിയാണ്.
ചികിത്സയ്ക്ക് മാർഗമില്ലാതെ ബുദ്ധിമുട്ടുന്പോഴാണ് ജാൻസിയുടെ ദുരവസ്ഥ അതിരന്പുഴ സ്വദേശിയും പ്രവാസിയുമായ മാനാട്ട് ബോബി സേവ്യർ അറിയുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ബസുകളും ഒരു ദിവസം ജാൻസിയുടെ ചികിത്സാച്ചെലവിനുള്ള തുക സമാഹരിക്കുന്നതിനു വേണ്ടി സർവീസ് നടത്താൻ അദ്ദേഹം തീരുമാനിച്ചു. തീരുമാനം നടപ്പിലാക്കാൻ ബസുകളിലെ തൊഴിലാളികളും മുന്നിലുണ്ട്.
നാളെ ഒരു ദിവസത്തെ ശന്പളവും അവർ സംഭാവന ചെയ്യും. അതിരന്പുഴ മാറാന്പ് നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗങ്ങൾ ബക്കറ്റുകളുമായി യാത്രക്കാരെ സമീപിക്കും. പതിവുള്ള യാത്രക്കൂലിയോ അതിലുമുപരി ഇഷ്ടമുള്ള തുകയോ ബക്കറ്റിൽ നിക്ഷേപിക്കാം.
ബസ് സ്റ്റാൻഡുകളിലും ബസ് നിർത്തുന്ന സ്റ്റോപ്പുകളിലും ഉള്ളവരെയും സന്നദ്ധ പ്രവർത്തകർ ബക്കറ്റുമായി സമീപിക്കും. താൽപ്പര്യമുള്ളവർക്കെല്ലാം ചികിത്സാ സഹായനിധിയിലേക്ക് സംഭാവന ചെയ്യാം. ബസുടമ ബോബി സേവ്യറിന്റെ മനസിനൊപ്പം സുമനസുകൾ കൂടി ഒത്തുചേർന്നാൽ ജാൻസിയുടെ ചികിത്സയ്ക്കാവശ്യമായ തുക പൂർണമായും കണ്ടെത്താനാകുമെന്നുറപ്പ്.
ഇന്ധനച്ചെലവടക്കമുള്ള ചെലവുകൾക്കൊന്നും നാളെ സംഭരിക്കുന്ന തുകയിൽ നിന്നും എടുക്കില്ലെന്നും ചെലവുകൾ പൂർണമായും ബസുടമയായ ബോബി സേവ്യർ വഹിക്കുമെന്നും ബോബിയുടെ സുഹൃത്തും പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ ബിജു ജോർജ് കൊട്ടാരംപറന്പിൽ പറഞ്ഞു.