
അഗളി: ഷോളയൂർ എട്ടാംവാർഡിൽ യൂക്കാലിമട്ടത്ത് വനം വകുപ്പ് ജണ്ടയിട്ട പ്രദേശങ്ങൾ കോണ്ഗ്രസ് നേതാക്കൾ സന്ദർശിച്ചു.
ഡിസിസി അംഗം പി.സി.ബേബി, അട്ടപ്പാടി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ എം.ആർ.സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചു ആദിവാസികളുടെ ദുരിതം നേരിട്ടറിഞ്ഞത്.
ആദിവാസികളെയും കുടിയേറ്റ കർഷകരെയും ദ്രോഹിക്കുന്ന വനംവകുപ്പിന്റെ കാടത്ത നടപടികൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ആദിവാസികൾ തലമുറകളായി കൃഷി ചെയ്തും വീടുവച്ചും കുടുംബമായി താമസിക്കുന്നകൃഷിയിടങ്ങളിലും, അഞ്ചുപതിറ്റാണ്ടിലധികമായി കൈവശംവച്ചും
പട്ടയമടക്കമുള്ള രേഖകൾ ലഭിച്ചിട്ടുള്ളതുമായ കുടിയേറ്റ കർഷകരുടെയും ഭൂമിയാണ് വനംവകുപ്പധികൃതർ വ്യാപകമായി ജണ്ടകൾ കെട്ടി പിടിച്ചടക്കുന്നത്. കുറുക്കൻകുണ്ടിലേക്ക് വൈദ്യുതി ലൈൻ വലിക്കുവാൻ തടസം നില്ക്കുന്നു,
ഷോളയൂർ, പുതൂർ അഗളി പ്രദേശങ്ങളിൽ കാർഷിക ഭൂമികളിൽ ജണ്ടകൾ കെട്ടുന്നു. ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നല്കി.