പേരാമ്പ്ര : കഴിഞ്ഞ ദിവസം മോഷണം പോയ ആവള ഖോരന്കുളങ്ങര പരദേവത ക്ഷേത്രത്തിലെ വിഗ്രഹം കണ്ടെത്തി. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള റോഡിനോട് ചേര്‍ന്ന് ‘സംസ്കാര’ ക്ലബിന്റെ പിന്‍വശം ചെറിയാണ്ടി രാജന്റെ നിര്‍മാണത്തിലിരിക്കുന്ന കടയോട് ചേര്‍ന്നാണ് വിഗ്രഹം കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ വിഗ്രഹം കടയുടെ സമീപത്തുള്ള പൂഴിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. റൂറല്‍ എസ്പിയുടെ സ്പഷ്യല്‍ സ്ക്വാഡിലെ കെ.പ്രദീപനും മേപ്പയ്യൂര്‍ പോലീസും നടത്തിയ അന്വേഷണത്തിലാണ് വിഗ്രഹം കണ്ടെടുത്തത്.
പയ്യോളി ഡോഗ് സ്ക്വാഡില്‍ നിന്നുമെത്തിയ ജാന്‍കോ എന്ന പോലീസ് നായ മണം പിടിച്ച് ക്ഷേത്രത്തിന് സമീപത്തുള്ള വേണു എന്നയാളുടെ വീടിന്റെ ഗേറ്റ് വരെയെത്തി അവിടെ നില്‍ക്കുകയായിരുന്നു. ഇയാള്‍ ക്ഷേത്ര പരിപാലകനാണ്.
വടകര നിന്നെത്തിയ വിരലടയാള വിദഗ്ധനായ എ.കെ. ജിജീഷ് പ്രസാദ് വിഗ്രഹം പരിശോധിച്ചെങ്കിലും വിരലടയാളമൊന്നും കണ്ടെത്തിയില്ല. നായ ഓടിയെത്തിയ വീടിന്റെ ഉടമ പുതിയേടത്ത് വേണു(51) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. .
മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ ജി. അനൂപ്, സബ് ഇന്‍സ്പെക്ടര്‍ എ.കെ. സജീഷ്, അഡീ.എസ്ഐ കെ.പി. ഭാസ്കരന്, ഓഫീസര്‍മാരായ പി. അസ്സന്‍കുട്ടി, സി.കെ. ഷൈജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.