കോൽക്കത്ത: ഒരു സംഘം യുവാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ബംഗാളി നടി. കോൽക്കത്തയിലെ സാൾട്ട് ലേക്കിൽവച്ച് തനിക്കെതിരേ പീഡനശ്രമമുണ്ടായെന്നു കാട്ടിയാണ് നടി ജിനിയ മുഖർജി ബിദാൻ നഗർ (നോർത്ത്) പോലീസിൽ പരാതി നൽകിയത്.
ബുധനാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണു നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സാൾട്ട് ലേക്കിൽനിന്നു വീട്ടിലേക്കു മടങ്ങവെ ഒരു സംഘം തന്റെ കാറിനെ പിന്തുടർന്നെന്നും അശ്ളീല പദപ്രയോഗങ്ങൾ നടത്തിയെന്നും നടി പരാതിയിൽ ആരോപിക്കുന്നു.
ആക്രമിക്കാൻ ശ്രമിച്ച സംഘം സഞ്ചരിച്ച കാറിന്റെ ചിത്രവും രജിസ്ട്രേഷൻ നന്പരും ഉൾപ്പെടെയാണു നടിയുടെ പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.