പാട്ടിന്റെ ലോകത്ത് വിസ്മയമായി ജാനറ്റ്. പ്രായത്തില്‍ കവിഞ്ഞ ഭാവങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടാണ് ജാനറ്റ് ഇതിനോടകം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയത്. ജിനോ കുന്നുംപുറത്തിന്റെ പുതിയ സംഗീത ശില്പമായ ‘പൈതല്‍ ‘ എന്ന ആല്‍ബത്തിലൂടെയാണ് പാട്ടിന്റെ മായാലോകത്തേക്കു ജാനറ്റിന്റെ പ്രവേശനം. കൊച്ചു പിന്നണിഗായിക ശ്രേയ ജയദീപ് അടക്കം കേരളത്തിലും വിദേശത്തുമുള്ള ഇരുപത്തിമൂന്നു കുരുന്നുകളെ ഒന്നിച്ചണിനിരത്തി കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഗീത ആല്‍ബം പുറത്തിറങ്ങിയത്. ജിനോയുടെ നൂറ്റിരണ്ടാമതു സംഗീത ആല്‍ബമാണിത്.
പൈതല്‍ എന്ന സംഗീത ആല്‍ബത്തില്‍ മൂന്നു ഗാനങ്ങളാണ് ജാനറ്റ് ആലപിച്ചത്. അതില്‍ ‘സന്ധ്യകളില്‍‘ എന്ന ഗാനം സ്വിറ്റ്‌സര്‍ലഡിന്റെ മുഴുവന്‍ മനോഹാരിതയും ഒപ്പിയെടുത്തുകൊണ്ടാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. സൂറിച്എഗ്ഗില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശികളായ സിബി, ജിന്‍സി ദമ്പതികളുടെ മകളാണ് ജാനറ്റ്. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഈ കൊച്ചുമിടുക്കിയെ വളരുമ്പോള്‍ പാട്ട് പഠിപ്പിക്കണമെന്ന ആഗ്രഹത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ രണ്ടാമത്തെ വയസില്‍ അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകള്‍ ഏറ്റുപാടികൊണ്ടാണ് ജാനറ്റ് തന്റെ സംഗീതത്തോടുള്ള ഇഷ്ടം അറിയിച്ചത്. സ്വിറ്റ്‌സര്‍ലഡിലെ വേദികളിലെ നിറസാന്നിധ്യമാണ് ജാനറ്റ് ഇപ്പോള്‍.
ജാനറ്റ് ആലപിക്കുന്ന ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചുകുലുക്കും. വിവിധ കലാമേളകളിലൂടെ ജാനറ്റ് ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ലോകത്തിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെന്നൈയിലും, ലണ്ടനിലും നടത്തിയ വേള്‍ഡ് ഓഫ് ഹിഡന്‍ ഇഡോള്‍ ഷോ ആദ്യമായി ഈ വര്‍ഷം സൂറിച്ചില്‍ അരങ്ങേറിയപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ക്ലാസിക്കല്‍ ഡാന്‍സിലും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ഒന്നാം സമ്മാനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടി ജാനറ്റ് വിജയതിലകമണിഞ്ഞിരുന്നു. മുപ്പതിലധികം മത്സരാര്‍ഥികളെ പിന്തള്ളിയാണ് ജാനറ്റ് ഈ വിജയകിരീടത്തിനു അര്‍ഹയായത്.
ഗാനം കാണാം: