ബോളിവുഡിലെ സെലിബ്രിറ്റി ദന്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിയും. വിവാഹ ശേഷം ജെനീലിയ വെള്ളിത്തിരയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
എന്നാൽ ജെനീലിയ എപ്പോഴാണ് തിരിച്ചെത്തുകയെന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. ജെനീലിയയുമായി നടത്തുന്ന അഭിമുഖങ്ങളിലും മടങ്ങിവരവിനെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകും.
വിവാഹിതയാകാൻ പോകുന്നുവെന്നു കേട്ടപ്പോൾ താൻ ആദ്യം കേട്ടത് കരിയർ അവസാനിക്കാൻ പോകുന്നു എന്നതാണെന്ന് ജനീലിയ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ജെനീലിയ അടുത്തയിടെ വ്യക്തമാക്കി.
നീ വിവാഹം കഴിക്കാൻ പോവുകയാണോ, പെണ്കുട്ടികളെ സംബന്ധിച്ചിടത്തോളം അവിടെ കരിയർ ഒടുങ്ങി എന്നായിരുന്നു പലരും പറഞ്ഞത്.
അതൊന്നും എന്നെ ബാധിക്കാൻ അനുവദിച്ചില്ല. വിവാഹം കഴിഞ്ഞാൽ കുറച്ചു നാൾ കുടുംബത്തിനു വേണ്ടി സമയം നീക്കിവെക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.
ഇപ്പോൾ ഇൻഡസ്ട്രിയിൽ പോസിറ്റീവായ മാറ്റങ്ങൾ കാണുന്നുണ്ട്. വിവാഹത്തിന് മുന്പു വിശ്രമമില്ലാതെ താൻ സിനിമാലോകത്ത് ഓടിനടക്കുകയായിരുന്നു.
ആളുകൾ പലരും എന്നെ ഹിന്ദി സിനിമയിൽ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വർഷത്തിൽ ഭൂരിഭാഗം ദിവസവും തെന്നിന്ത്യൻ സിനിമയിൽ ജോലി ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്.
വിവാഹ ശേഷം കുട്ടികളുണ്ടായതോടെ അവർക്കൊപ്പം സമയം കണ്ടെത്തണമെന്ന് തോന്നി. എന്നാൽ വിവാഹമോ അമ്മയാവുന്നതോ ഒന്നും പ്രശ്നമല്ലാത്ത ഒരു കാലമാണ് ഇപ്പോൾ സിനിമയ്ക്ക് എന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്.
വർഷത്തിൽ രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്യാനാണ് പദ്ധതി. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളർച്ചയെ സഹായിക്കും.
മുന്നിൽ വരുന്ന അവസരങ്ങളെല്ലാം സ്വീകരിക്കാൻ ഇനി നിൽക്കില്ല. പകരം ചെയ്യണമെന്നു തോന്നുന്നവ മാത്രമേ ചെയ്യൂ- ജെനീലിയ പറയുന്നു.