ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷേഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.
കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പോലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്നുകാരിയായ പെൺകുട്ടി പരാതി നൽകിയത്.
സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.