ആലപ്പുഴ: കുപ്പപ്പുറം വാവട്ടുശേരി ജാനകിക്ക് 80 വയസായി. ഇത്രയും വർഷത്തിനിടെ ഇതുപോലൊരു പ്രളയം ആദ്യ അനുഭവം. കർക്കിടകം ഒന്നിന് വീട്ടിൽ വെള്ളം കയറിയതാണ്. അന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടു.
കുറേ ദിവസം കുപ്പപ്പുറത്തെ ഉയർന്ന സ്ഥലങ്ങളിൽ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാന്പിലേക്ക് മാറി. ഒരു മാസത്തിനു മുകളിലായി വീട്ടിൽ നിന്നിറങ്ങിയിട്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാന്പിലായിരുന്നു ഇതുവരെ. ഇന്നലെ രാവിലെ തിരിച്ചുപോകാനായി ഇറങ്ങി. പതിനഞ്ചോളം സഞ്ചികളും കെട്ടുകളുമുണ്ട് കൂടെ. കെട്ടുമായി ബസിൽ കയറുക എളുപ്പമല്ല. അതിനാൽ ജലഗതാഗതവകുപ്പിന്റെ ബോട്ടിൽ കയറാനുള്ള കാത്തിരിപ്പിനിടയിലാണ് ജാനകിയെ കണ്ടത്.
മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാന്പിലാണെന്ന് മാത്രം ജാനകിക്കറിയാം. വീട്ടിൽ തറനിരപ്പിൽ നിന്ന് രണ്ടരമീറ്റർവരെ വെള്ളം കയറി. പാടത്തിന്റെ മടപൊട്ടിയില്ലെങ്കിലും കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു.
വീട് മുഴുവൻ വെള്ളത്തിലാണ്. ഇനി ചെന്നാലറിയാം അവിടുത്തെ അവസ്ഥ- ജാനകി പറഞ്ഞു. ഇടയ്ക്ക് തദ്ദേശവാസികൾ ആരോ കുപ്പപ്പുറം പോയിരുന്നു. അവർ പറഞ്ഞാണ് വെള്ളത്തിന്റെ വിവരം അറിഞ്ഞത്. ഒടുവിൽ ആലപ്പുഴയിൽനിന്നും ആശങ്ക വിട്ടൊഴിയാതെ കുപ്പപ്പുറത്തേക്ക് ജാനകിയുടെ മടക്കം.