കൊട്ടാരക്കര : യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം മൃതദേഹവുമായി വന്ന ആംബുലൻസ് ഭർത്തൃവീട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ഉമ്മന്നൂർ ഇടവരിക്കൽ കോളനിയിൽ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) വിന്റെ മൃതദേഹവുമായി വന്ന ആംബുലൻസാണ് ഭർത്താവിന്റെ ബന്ധുക്കൾ തടഞ്ഞത്.
മൃതദേഹം ഭർത്താവിന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് ജാനുവിനെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മറ്റൊരു മുറിയിൽ കിടന്നുറങ്ങിയിരുന്ന അഭിലാഷ്, കുഞ്ഞിന്റെ നിലവിളി കേട്ട് ഉണർന്ന് വന്ന് നോക്കുമ്പോൾ മുറിക്കുള്ളിൽ ജാനുവിനെ ഷാളിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്.
തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ചു ജാനുവിന്റെ ബന്ധുക്കൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നല്കി.
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിലുള്ള തർക്കം പൂയപ്പള്ളി പോലീസിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കുകയും ജാനുവിന്റെ വീടായ വാളകത്ത് സംസ്കരിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹവുമായി വാളകത്തേക്ക് വന്ന ആംബുലൻസ് വൈകിട്ട് മൂന്നോടെ ഉമ്മന്നൂരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് തടയുകയായിരുന്നു.
എന്നാൽ ഇതിന് ജാനുവിന്റെ സഹോദരങ്ങളും ബന്ധുക്കളും തയാറായില്ല. ഒടുവിൽ ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ചർച്ചയിൽ വാളകത്ത് വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
വൈകുന്നേരം ആറോടെ വാളകത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൂന്നു വയസുള്ള ശബരികൃഷ്ണനും ആറ് മാസം പ്രായമായ ശിവാനികൃഷ്ണയുമാണ് മക്കൾ.