കൂത്തുപറമ്പ്: പ്ലാസ്റ്റിക് ഷീറ്റിനു കീഴെ തനിച്ചു താമസിച്ചു വന്ന മൂര്യാട് അയോധ്യാ നഗർ ചുള്ളി ഭാഗത്തെ കാരായി ജാനുവിന്റെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. സുമനസുകൾ കൈകോർത്തതോടെ ഇനി ഇവർക്ക് സുരക്ഷിതമായി വാടക വീട്ടിൽ കഴിയാം.
വർഷങ്ങളായി താമസിച്ചു വന്ന വീട് തകർന്നതിനെ തുടർന്ന് ഇതിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിനകത്തായിരുന്നു എഴുപതുകാരിയായ ജാനു മൂന്ന് വർഷത്തോളമായി താമസിച്ചു വന്നത്. ഇവരുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം രാഷ് ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് ഇവർക്ക് സുരക്ഷിത സ്ഥലത്ത് താമസമൊരുക്കാൻ സുമനസുകളും രംഗത്തെത്തി. ഈ കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ എം.സുകുമാരന്റെ നേതൃത്വത്തിൽ നഗരസഭാധികൃതരും നാട്ടുകാരും ചേർന്ന് സമീപത്തായി വാടക വീട് കണ്ടെത്തി അവിടേക്ക് മാറ്റിയത്.
നേരത്തെ ലൈഫ്മിഷൻ പദ്ധതിയിൽ വീട് നിർമാണ അപേക്ഷ അനുവദിച്ചിരുന്നു. എന്നാൽ ജാനുവിന്റെ പേരിൽ സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താൽ വീട് നിർമാണ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇവരുടെ ഉടമസ്ഥതയിൽ ഭൂമിയുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ നഗരസഭ മുൻകൈ എടുത്ത് വീട് നിർമിച്ചു നല്കുമെന്നും അല്ലാത്തപക്ഷം ഭൂമി കണ്ടെത്തി വീട് നിർമിച്ചുനല്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുനിസിപ്പൽ ചെയർമാൻ പറഞ്ഞു.
ഇതിനായി ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കും. ജാനുവിന്റെ ദുരിതജീവിതം കണ്ടറിഞ്ഞ് ഇവരെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ സാമൂഹ്യ പ്രവർത്തകൻ ബാബു പാറാൽ, കൂത്തുപറമ്പ് സിറ്റി ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ എത്തിയിരുന്നുവെങ്കിലും മറ്റൊരിടത്തക്കേക്ക് മാറാൻ ജാനു അന്ന് തയാറായിരുന്നില്ല.