വടക്കഞ്ചേരി: മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി പൊക്കക്കാരനായ വത്സൻ ജീവിതപങ്കാളിയാകും. പിഎൻസി മേനോൻ ചെയർമാൻ എമിരറ്റസായ ശ്രീകുറുന്പ ട്രസ്റ്റ് നാളെ മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തൻകുളന്പ് പരേതനായ വേലുവിന്റെ മകൾ ജാനുവിന്റെ കഴുത്തിൽ എരിമയൂർ പരേതനായ വേലായുധന്റെ മകൻ വത്സൻ മിന്നുചാർത്തുക.
രാവിലെ ഒന്പതിന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുന്പ കല്യാണമണ്ഡപത്തിലാണ് സമൂഹവിവാഹം. വിവിധ തുറകളിലെ നിരവധി പ്രമുഖർ സമൂഹവിവാഹത്തിൽ പങ്കെടുക്കും. ജാനു ഉൾപ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നാളെ നടക്കുക.
അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോൾ ജാനു. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന വത്സനും ജാനുവും തമ്മിൽ ഏറെനാളത്തെ സ്നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് ഒന്നിക്കുന്നതിനു തയാറായത്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തിൽ വിവാഹിതരാകുന്ന ഇരുപതുപേരും. ഇതിനാൽ രണ്ടു പഞ്ചായത്തിന്റെയും എല്ലാ ദിക്കുകളിലുമുണ്ട് വിവാഹതിരക്കും ആഘോഷങ്ങളും.