ബോളിവുഡിലെ സൂപ്പർ സുന്ദരി ആയിരുന്ന ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നുവെന്ന വാർത്ത അത്യാഹ്ലാദത്തോടെയാണ് ബോളിവുഡ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. അമ്മയുടെ അഭിനയമികവ് അറിയാവുന്ന പ്രേക്ഷകർ ജാൻവിയുടെ വരവ് ആഘോഷിക്കാനുള്ള തയാറെടുപ്പിലുമാണ്.
ജാൻവി കപൂറിന്റെ അരങ്ങേറ്റം ബോളിവുഡിൽ ഇതിനോടകം ചൂടുള്ള ചർച്ചയായിട്ടുണ്ട്. ജാൻവിയോടൊപ്പം ചിത്രത്തിൽ ശ്രീദേവിയും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിൽ ജാൻവിയുടെ അമ്മവേഷത്തിലാണ് ശ്രീദേവി അഭിനയിക്കാൻ പോകുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ ജീവിതത്തിലെ അമ്മ സിനിമയിലെ അരങ്ങേറ്റ ചിത്രത്തിലും ജാൻവിയുടെ അമ്മയാകും.
കരണ്‍ജോഹർ നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ജാൻവി അരങ്ങേറ്റം കുറിക്കുന്നത്. ധടക് എന്നാണ് ചിത്രത്തിന്റെ പേര്. ശശാങ്ക് കൈതാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റ് മറാത്തി ചിത്രമായ സൈറത്തിന്റെ റീമേക്കാണ് ധടക്. ഇഷാൻ ഖട്ടർ ആണ് ജാൻവിയുടെ നായകനായി ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വർഷം ജൂലൈ ആറിന് ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചോക്ലേറ്റ് നായകൻ ഷാഹിദ് കപൂറിന്റെ അർധ സഹോദരനാണ് ഇഷാൻ ഖട്ടർ.