ഒരു സിനിമാതാരം എന്നതിനപ്പുറം ഒരു സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്നു അന്തരിച്ച നടി ശ്രീദേവി. വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും സന്ദര്‍ശനം നടത്തുക, അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങിയവയെല്ലാം ശ്രീദേവിയുടെ ശീലങ്ങളിലുണ്ടായിരുന്നു. അത്തരം സന്ദര്‍ശനങ്ങള്‍ നടത്തുമ്പോഴെല്ലാം മക്കളെയും ശ്രീദേവി ഒപ്പം കൂട്ടിയിരുന്നു. അമ്മ പകര്‍ന്നു നല്കിയ ആ ശീലം അമ്മയുടെ അസാന്നിധ്യത്തില്‍ മറക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി.
വൃദ്ധസദനത്തില്‍ ആരോരുമില്ലാത്തവര്‍ക്കൊപ്പം പിറന്നാള്‍ദിനം ചെലവഴിക്കുന്നത് ശ്രീദേവി തുടങ്ങിവച്ച ശീലമായിരുന്നു. അമ്മയുടെ അഭാവമുള്ള ആദ്യ പിറന്നാളിനും ജാന്‍വി എത്തി, അനാഥാലയത്തില്‍. വൃദ്ധസദത്തിലെ അംഗങ്ങള്‍ ഹാപ്പി ബെര്‍ത്ത് ഡെ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കൈയടിക്കുന്ന ജാന്‍വിയുടെ വിഡിയോയും വൈറലാണ്. അവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോഴും ജാന്‍വിയുടെ ഹൃദയം സങ്കടത്തിലായിരുന്നുവെന്നത് വിഡിയോയില്‍ വ്യക്തമാണ്.
കഴിഞ്ഞ 21 വര്‍ഷത്തിനിടെ അമ്മയില്ലാതെ ജാന്‍വിയുടെ ആദ്യത്തെ ജന്മദിനമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്മദിനത്തില് ശ്രീദേവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് എന്റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കഴിഞ്ഞ ജന്മദിനത്തില് ശ്രീദേവി കുറിച്ചത്.