ബോളിവുഡിലെത്തി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീദേവിയുടേയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍.
ജാന്‍വി ഇപ്പോള്‍ ഇരുപത്തഞ്ചാം വയസില്‍ എത്തി നില്‍ക്കുകയാണ്. പിറന്നാള്‍ ദിവസം വലിയ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു ജാന്‍വി.
കൂട്ടുകാര്‍ക്കൊപ്പം തിരുപ്പതി ദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോട്ടിലെത്തിയ ജാന്‍വി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ വൈറലായിരുന്നു.
2018ല്‍ പുറത്തിറങ്ങിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അഭിനയ ലോകത്ത് എത്തുന്നത്. ഇതിനകം നിരവധി ചിത്രങ്ങളില്‍ നായികയായ താരത്തിന്റെ ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നയന്‍താര നായികയായി 2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റിമേക്കാണ് ഗുഡ് ലക്ക് ജെറി. ഇതുകൂടാതെ കരണ്‍ ജോഹറിന്റെ ദോസ്താന 2ലും ജാന്‍വിയാണ് നായിക.
രാജ് കുമാര്‍ റാവുവിനൊപ്പം മിസ്റ്റര്‍ ആൻഡ് മിസിസ് മഹിയിലാണ് ജാന്‍വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീദേവി തന്റെ അവസാന കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതു ജാന്‍വിയുടെ സിനിമാ പ്രവേശനമായിരുന്നു.
എന്നാല്‍ മകളുടെ ആദ്യ സിനിമ തിയറ്ററിലെത്തും മുമ്പ് ശ്രീദേവി ഈ ലോകത്ത് നിന്നു വിടപറഞ്ഞു. അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. ആ സമയങ്ങളില്‍ എല്ലാം ജാന്‍വിയുടെ ധടക്കിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.
ദുബായിയില്‍ ബന്ധുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരി 25 നാണ് ദുബായില്‍ താരം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അമ്മയുടെ മരണം ജാന്‍വിക്കും ഇളയ മകള്‍ ഖുശിക്കും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. പെട്ടന്നുണ്ടായ ശ്യൂനത എങ്ങനെ അതിജീവിച്ചുവെന്നത് ഇപ്പോഴും അറിയില്ലെന്ന് ജാന്‍വി പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
അമ്മ മരിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം ജാന്‍വി തിരികെ ധടക്ക് പൂര്‍ത്തീകരിക്കാനായി ഷൂട്ടിംഗിനെത്തിയിരുന്നു. ഉടന്‍ ഷൂട്ടിംഗ് സെറ്റിലേത്ത് എത്തിയത് അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച വേദന മറകടക്കാനാണെന്ന് പിന്നീട് ജാന്‍വി കപൂര്‍ പറഞ്ഞിരുന്നു.
തീവ്രമായ ആഘാതമാണ് അമ്മയുടെ മരണത്തിലൂടെ എനിക്ക് സംഭവിച്ചത്. വിഷാദം പിടിപെടുന്ന സ്ഥിതിയായി. അന്ന് എന്നെ മുന്നോട്ട് നയിച്ചത് ഷൂട്ടിംഗിന് പോകുമ്പോഴുള്ള ചെറിയ സന്തോഷങ്ങളായിരുന്നു.
കൂടുതല്‍ സങ്കടം എനിക്കുണ്ടാകാതിരിക്കാന്‍ പ്രത്യക്ഷത്തില്‍ സഹതാപം കാണിക്കാതെ എല്ലാവരും ഒപ്പം നിന്നു. സെറ്റുകളില്‍ സന്തോഷത്തോടെ തുടരാന്‍ വേണ്ടതെല്ലാം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും എനിക്ക് ചെയ്ത് തന്നു- ജാന്‍വി പറയുന്നു.
ജാന്‍വിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളായിരുന്നു താനെന്നും അതിനാല്‍തന്നെ ശ്രീദേവിയുടെ മരണശേഷം തിരികെ ഷൂട്ടിനെത്തിയ ജാന്‍വി വീണ്ടും സങ്കടങ്ങളിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ എപ്പോഴും തങ്ങളുടെ ഭാഗത്ത് നിന്നു ചെയ്തിരുന്നുവെന്നും ധടക്കിന്റെ സംവിധായകൻ ശശാങ്ക് ഖൈതാനും പറഞ്ഞിരുന്നു.