അഹമ്മദാബാദ്: പതിനെട്ടുകാരിയായ ജാന്‍വി കപൂര്‍ പത്താംക്ലാസ് പാസായിട്ടില്ല പക്ഷെ ഇപ്പോള്‍ പഠിക്കുന്നത് പന്ത്രണ്ടാം ക്ലാസില്‍. പക്ഷെ അവള്‍ക്ക് ഈ വര്‍ഷം നടക്കുന്ന പ്ലസ്ടു പരീക്ഷ എഴുതാനാവില്ല. കാരണം പത്താംക്ലാസിലെ മാര്‍ക്ക ഷീറ്റ് തന്നെ. രണ്ടു വര്‍ഷം മുമ്പ് പത്താംക്ലാസില്‍ തോറ്റ ജാന്‍വി എങ്ങനെ പ്ലസ്ടുവില്‍ എത്തിയെന്നറിയാം.
ജാംനഗര്‍ ജില്ലയിലെ കംഭാലിയയില്‍ രണ്ടുവര്‍ഷം മുമ്പാണ് ഈ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. 2015 മാര്‍ച്ചില്‍ ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും പാസ് മാര്‍ക്ക് നേടാന്‍ കൊമേഴ്സ് വിദ്യാര്‍ഥിനിയായ ജാന്വിയ്ക്കായില്ല. എന്നാല്‍ അവളുടെ ഇന്റേണല്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ ജാന്‍വിയ്ക്ക് എല്ലാ വിഷയത്തിനും 35 ശതമാനത്തിലധികം മാര്ക്കുകിട്ടുകയും ചെയ്തു. അങ്ങനെ താന്‍ പത്താം ക്ലാസ് പാസായെന്ന ധാരണയില്‍ ജാന്‍വി ഗോകാനി ഗേള്‍സ് സ്കൂള്‍സ് ഫോര്‍ ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ പ്ലസ് വണിന് അപേക്ഷിച്ചു. അതിശയമെന്നു പറയട്ടെ, അപേക്ഷ സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുകയും ജാന്‍വിയ്ക്ക് അഡ്മിഷന് നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പരീക്ഷ എഴുതിയ ജാന്‍വി പാസാവുകയും ചെയ്തു. എന്നാല്‍ പ്ലസ്ടു ബോര്‍ഡ് എക്സാമിനുള്ള ഫോം പൂരിപ്പിച്ചു നല്‍കിയപ്പോഴാണ് സ്കൂള്‍ അധികൃതര്‍ക്ക് അമളി പറ്റിയെന്ന് മനസിലായത്. വേരിഫിക്കേഷനു വേണ്ടി ജാന്‍വിയുടെ പത്താക്ലാസ് മാര്‍ക്ക് ഷീറ്റ് പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ഇതോടെ ജാന്‍വിയുടെ പ്ലസ് വണിലെ മാര്‍ക്ക് ഷീറ്റ് മരവിപ്പിക്കുകയും പ്ലസ് ടു പരീക്ഷയെഴുതുന്നതില്‍ നിന്ന് ജാന്‍വിയെ വിലക്കുകയും ചെയ്തു.
പരീക്ഷ വിലക്കു വന്നതോടെ ജാന്‍വി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പത്താംക്ലാസിലെ മാര്‍ക്കു കൂട്ടുന്നതിലുള്ള പിഴവാണ് ജാന്‍വിയെ തോല്‍പ്പിച്ചതെന്ന് അവളുടെ അഭിഭാഷകന് എം. ഐ. മന്‍സൂരി വാദിച്ചു. തന്റെ പ്ലസ് വണിലെ മാര്‍ക്ക് ഷീറ്റ് വിട്ടുകിട്ടണമെന്നും തന്നെ പ്ലസ്ടു വാര്‍ഷിക പരീക്ഷ എഴുതിക്കണമെന്ന് വിദ്യാഭ്യാസ ബോര്‍ഡിനോട് പറയണമെന്നും ജാന്വ്ി ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചു. തങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന് സ്കൂള്‍ അധികൃതര്‍ സമ്മതിച്ചു. രണ്ടു കൂട്ടരുടെയും വാദം കേട്ട ഹൈക്കോടതി ഒടുവില്‍ ജാന്‍വിയുടെ അപേക്ഷ തള്ളുകയാണുണ്ടായത്. പത്താംക്ലാസു പാസ് ആകാത്ത ആളുകള്‍ക്ക് പ്ലസ്ടു പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നു വിധിക്കുകയും ചെയ്തു.