അകാലത്തിൽ പൊലിഞ്ഞ നടി ശ്രീദേവിയുടെ മകളും ബോളിവുഡ് യുവനായികയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ച് നാളുകളായി. ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്.
ജാന്‍വി കപൂറിന്റെ ബോയ്ഫ്രണ്ട് എന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശിഖര്‍ പഹാരി. എന്റര്ടെയ്നര് കൂടിയായ ശിഖറിനൊപ്പം ജാന്‍വിയെ പലയിടങ്ങളിലും കണ്ടതാണ് ഗോസിപ്പുകള്‍ക്കു കാരണമായത്. ഇപ്പോള്‍ താരങ്ങള്‍ അവരുടെ പ്രണയം ഔദ്യോഗികമാക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് വെളിവാക്കുന്ന തരത്തിലൊരു വീഡിയോ കൂടി പുറത്തുവന്നു.
ജാന്‍വിയും ശിഖറും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശിവക്ഷേത്രത്തില്‍ ഇരുവരും അനുഗ്രഹം തേടുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറമുള്ള സാരിയായിരുന്നു ജാന്‍വിയുടെ വേഷം. കുര്‍ത്തയില്‍ ശിഖറും ശ്രദ്ധേയനായി. ജാന്‍വിയും ശിഖറും ഒരുമിച്ച് പ്രാര്‍ഥിക്കുന്നത് കണ്ടതോടെയാണ് താരങ്ങള്‍ വിവാഹത്തിന്റെ മുന്നൊരുക്കമായിട്ട് ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. വൈകാതെ താരങ്ങള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ശ്രീദേവിയുടെ കുടുംബത്തില്‍ ഇത് സന്തോഷത്തിന്റെ നാളുകളാണ്. ശ്രീദേവിയുടെ ഇളയ മകൾ ഖുഷിയുടെ അഭിനയത്തിലേക്കുള്ള ചുവടുവയ്പിനു വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഖുഷി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍ച്ചീസ് എന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സഹോദരിയുടെ വിവാഹം കൂടി വരികയാണെങ്കില്‍ ആഘോഷത്തിന്റെ ദിവസങ്ങളാണെന്ന് വ്യക്തമാവും. മൂത്തമകള്‍ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനു മാസങ്ങള്‍ക്കു മുന്‍പായിരുന്നു ദുബായിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. ജാന്‍വിയുടെ ആദ്യ സിനിമ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള ഭാഗ്യം നടിക്ക് ഇല്ലാതായി പോവുകയായിരുന്നു.