ബോളിവുഡിൽ എങ്ങും എത്താതെ പോയ നിരവധി നായികമാരുണ്ട്. എന്നാൽ വർഷങ്ങളോളം ഇൻഡസ്ട്രിയെ അടക്കിഭരിച്ച ചില നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ശ്രീദേവി. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച സൂപ്പർനായിക തന്നെയായിരുന്നു ശ്രീദേവി. അകാലത്തിൽ അന്തരിച്ച ശ്രീദേവിയുടെ മകളും അമ്മയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തി.
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികനാൾ ആയിട്ടില്ലെങ്കിലും ശ്രീദേവിയുടെയും നിർമാതാവ് ബോണി കപുറിന്റെയും മകളായ ജാൻവിക്ക് മേൽവിലാസത്തിന് ഒരു കുറവുമില്ലായിരുന്നു. കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഈ പാരമ്പര്യം ഒരു പരിധിവരെ ജാൻവി കപുറിന് വെല്ലുവിളി ആയിരുന്നുവെന്ന് വേണം പറയാം. നെപ്പോട്ടിസം അടക്കി വാണിരുന്ന ബോളിവുഡിൽ സിനിമാ ബന്ധമുള്ള ആരെയും പ്രേക്ഷകർ സംശയ ദൃഷ്ടിയോടെ മാത്രമാണ് നോക്കി കണ്ടിരുന്നത്.
അതേ നിലപാട് തന്നെയായിരുന്നു താരപുത്രിയായ ജാൻവിയുടെ കാര്യത്തിലും നടന്നത്. താരകുടുംബത്തിൽനിന്ന് എത്തിയതിനാൽ നെപ്പോ കിഡ് എന്നു തന്നെയാണ് ജാൻവിയും ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ സ്വന്തം കഴിവ് കൊണ്ട് വഴി വെട്ടിത്തെളിച്ച ജാൻവി ഇപ്പോൾ ബോളിവുഡ് കടന്ന് തെന്നിന്ത്യൻ സിനിമയിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരം ജൂണിയർ എൻടിആർ നായകനായ ദേവര എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചാണ് തെന്നിന്ത്യയിലേക്ക് അറങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ ചുട്ടമല്ലി എന്ന ഗാനരംഗത്തിലെ ചടുലമായ നൃത്തവും ജാൻവിക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു.
സിനിമയിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരിടം നേടിയെടുക്കാൻ ജാൻവിക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. അത് താരത്തിന്റെ സമ്പത്തിലും പ്രതിഫലത്തിലും ഒക്കെ കാണാം. നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ജാൻവി. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും സജീവമായ സാന്നിധ്യമാണ് ജാൻവി.
താരത്തിന്റെ നിലവിലെ ആസ്തി ഏകദേശം 82 കോടി രൂപയാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. മുംബൈയിലെ ലോഖണ്ഡ്വാലയിലെ ഒരു ഗ്രീൻ ഏക്കറിൽ കുടുംബത്തോടൊപ്പം വലിയൊരു വില്ലയിലാണ് ജാൻവി കഴിയുന്നത്. നിലവിൽ ഒരു ചിത്രത്തിന് അഞ്ച് കോടിയോളം രൂപയാണ് താരം ഈടാക്കുന്നത്.