ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ജന്യയുടെ വീട്ടിലേക്ക് പ്രവേശിച്ചാൽ നിബിഢ വനത്തിനുള്ളിൽ അകപ്പെട്ട പ്രതീതിയാണ്. വന്യമൃഗങ്ങളും പക്ഷികളും വൻ മരങ്ങളുമൊക്കെയായി കാനന ദൃശ്യങ്ങളാണ് വീടിന്റെ ചുമരുകൾ നിറയെ. ഒരു പ്രൊഫഷണൽ ചിത്രകാരിയുടെ പെർഫെക്ഷനിലാണ് ജന്യ തന്റെ ചിത്രകൂട്ടുകൾ സമന്വയിപ്പിച്ചിരിക്കുന്നത്.
വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് ബയോസയൻസ് വിദ്യാർത്ഥിനിയായ ജന്യയുടെ ഓരോ വർക്കുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്. വിസിറ്റേഴ്സ് മുറിയിൽ ഏഴടി നീളത്തിൽ വരച്ചിട്ടുള്ള മരകൊന്പും അതിൽ നിരന്നിരിക്കുന്ന വെള്ളിമൂങ്ങകളുടെ ചിത്രം മാത്രം മതി ജന്യയിലെ കലാകാരിയെ തിരിച്ചറിയാൻ.
അത്രയേറെ ആഴമേറിയ നിരീക്ഷണ പാടവവും നിരന്തരമായ പരിശീലനവുമുണ്ട് ചിത്ര പണികൾക്കെല്ലാം പിന്നിൽ. സ്വിച്ച് ബോർഡുകളിലെല്ലാം ഈ മിടുക്കികുട്ടിയുടെ ചിത്ര വൈഭവങ്ങൾ കാണാം.
വവ്വാലുകളും പക്ഷികളുമാണ് സ്വിച്ച് ബോർഡുകൾക്ക് അഴകേകുന്നത്.ചിത്ര സൃഷ്ടികൾക്ക് പ്രത്യേക സമയമൊന്നുമില്ലെങ്കിലും പകൽ ചൂട് അസ്വസ്തതയുണ്ടാക്കുന്നതിനാൽ രാത്രികളിലാണ് ചിത്ര മഹിമ പരീക്ഷിക്കുന്ന സമയം.
ഇത് ചില ദിവസങ്ങളിൽ അർധരാത്രി കടന്നും വര വൈഭവം തുടരുമെന്ന് ജന്യയുടെ അച്ഛൻ റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറിയായ മുരളി പറഞ്ഞു. ചേച്ചി ബിടെക്കുകാരി മന്വയും ജന്യ യുടെ കൂട്ടിനുണ്ടാകും. വരകളുടെ തുടക്കത്തിൽ വീടിന്റെ ടെറസിനു മുകൾ ഭാഗമാണ് കാൻവാസായി ഉപയോഗിക്കാൻ വീട്ടിൽ നിന്നും അനുമതി ലഭിച്ചത്.
മകളുടെ കലാ കഴിവുകൾ പ്രതീഷിച്ചതിലും മികച്ചതാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് താഴെയിറക്കി വീട്ടു ചുമരുകൾ തന്നെ പ്രയോജനപ്പെടുത്താൻ അച്ഛനും ജില്ലാ ട്രഷറിയിലെ ജീവനക്കാരിയായ അമ്മ ജ്യോതിഷയും അനുവദിച്ചത്.
വീട്ടിലെത്തുന്നവർ ചിത്രങ്ങൾ കണ്ട് മനോഹരമെന്ന് പ്രോത്സാഹിപ്പിച്ചതോടെ ജന്യക്കും കലയോട് വലിയ അഭിനിവേശമായി. വലിയ വീടായതിനാൽ ചുമരുകൾക്കും കുറവില്ല. ലോക്ക് ഡൗണും ഒത്തു കിട്ടിയപ്പോൾ ഭാവനകൾ പകർത്താനും സൗകര്യമായി.
കഴിഞ്ഞ ഡിസംബറിൽ മുടപ്പല്ലൂരിൽ നടന്ന എൻഎസ്എസിന്റെ ദശദിന ക്യാന്പിലാണ് ജന്യയിലെ ചിത്ര പ്രതിഭയെ സ്കൂളിലെ എൻഎസ്എസിന്റെ പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഡോ.അനുഡേവിഡ് തിരിച്ചറിഞ്ഞത്.
പഠനത്തിലും ഒന്നാം സ്ഥാനം പങ്കിടുന്ന ജന്യ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ളീഷ് കഥാ രചനയിൽ എ ഗ്രേഡ് നേടിയിരുന്നു.പഠനത്തോടൊപ്പം ചിത്രകലയെ കൂടുതൽ അറിയണമെന്നാണ് കുനിശ്ശേരിക്കാരിയായ ജന്യയുടെ മോഹം.