കല്യാണം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതുതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ജപ്പാന്‍ സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാന്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിര്‍ദേശിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തന്നെ തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.