ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളുണ്ടെന്നാണു ജപ്പാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളത്.
രാജ്യത്ത് ആകെയുള്ള വീടുകളിൽ 14 ശതമാനം വരുമിത്. ഇതിനു കാരണം മറ്റൊന്നുമല്ല, ജപ്പാനിലെ ജനനനിരക്ക് ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അധികം വൈകാതെ ജപ്പാനിലെ പല മേഖലകളും മനുഷ്യസാന്നിധ്യമില്ലാതെ വിജനമായേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ജപ്പാന്റെ ഗ്രാമപ്രദേശങ്ങളിലാണ് ആളൊഴിഞ്ഞ വീടുകള്‍ കൂടുതലുണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകൾ അനവധിയാണ്. പുതുതായി വീടുകൾ നിർമിക്കുന്നതുകൊണ്ടുള്ള പ്രശ്നമല്ലിതെന്നും റിപ്പോർട്ടുകളിലുണ്ട്. താമസമില്ലാത്ത വീടുകൾ വിൽക്കാൻ ഉടമകൾ തയാറാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. വിദേശികൾക്കു വീടുകള്‍ വാങ്ങാൻ ജപ്പാനിൽ നിയമക്കുരുക്കുകള്‍ ഏറെയാണെന്നും പറയുന്നു.
ജനനനിരക്ക് കുറയുന്നതിനൊപ്പം ജപ്പാനിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം, 15 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം തുടർച്ചയായ 43ാം വർഷവും കുറഞ്ഞുതന്നെ തുടരുന്നു. പുതിയ കണക്കനുസരിച്ച് 14 ദശലക്ഷം മാത്രമാണു 15 വയസിനു താഴെയുള്ളവർ. സുസ്ഥിര ജനസംഖ്യയ്ക്ക് ജനനനിരക്ക് 2.1 ശതമാനം വേണമെന്നിരിക്കേ 1.3 ശതമാനം മാത്രമാണു ജപ്പാനിൽ നിലവിലെ നിരക്ക്.