മികച്ച യാത്രാ സേവനത്തിന് പേരുകേട്ട ജപ്പാൻ റെയിൽവേയുടെ മാപ്പപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാരണം രസകരമാണ്. ഷെഡ്യൂൾ ചെയ്ത സമയത്തിനും ഇരുപത് സെക്കൻഡ് മുൻപേ ട്രെയിൻ പുറപ്പെട്ടതിനാണ് അവർ യാത്രക്കാരോട് മാപ്പുചോദിച്ചത്. സമയനിഷ്ഠയിലൂടെയും മര്യാദപൂർണമായ പെരുമാറ്റത്തിലൂടെയും ലോകശ്രദ്ധപിടിച്ചു പറ്റിയ ജപ്പാൻ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
തലസ്ഥാനമായ ടോക്കിയോയേയും വടക്കൻമേഖലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സുകുബ എക്സ്പ്രസ് ട്രെയിനാണ് കഴിഞ്ഞ ദിവസം മിയാമി നഗരേയമ സ്റ്റേഷനിൽ നിന്നും 9:44:20ന് പുറപ്പെട്ടത്. എന്നാൽ ട്രെയിൻ പുറപ്പെടേണ്ട സമയം 9:44:40 ആയിരുന്നു. തുടർന്ന് ട്രെയിൻ നഷ്ടപ്പെട്ട ഒരാൾ അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇതാണ് അധികൃതരെ മാപ്പുപറയാൻ പ്രേരിപ്പിച്ചത്.
കൃത്യനിഷ്ഠയാണ് ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള ഇവിടുത്തെ റെയിൽവേ സർവീസിനെ ലോക പ്രശസ്തമാക്കുന്നത്. സമയത്തിൽ നേരിയ വ്യത്യാസം വന്നാൽ പോലും അധികൃതർ യാത്രക്കാരോട് മാപ്പ് പറയാറുണ്ട്. ഇവിടെ എല്ലാ റൂട്ടിലൂടെയും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ട്രെയിനുകൾ കടന്നുപോകുന്നത്. സമയത്തിൽ വരുന്ന ചെറിയ വ്യത്യാസം പോലും വലിയ പ്രശ്നങ്ങൾ വരുത്തിവച്ചേക്കാം.