ടോക്കിയോ: ജപ്പാൻകാരനായ ഒരു യുവാവിന്റെ ഉറക്കത്തെക്കുറിച്ച് അറിഞ്ഞാൽ അതിശയിച്ചു പോകും. ഒരോ ദിവസവും ഇയാൾ ഉറങ്ങുന്നത് 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ മാത്രം. 12 വർഷമായി ഇതാണ് സ്ഥിതി. പടിഞ്ഞാറൻ ജപ്പാനിലെ ഹ്യോഗോ സ്വദേശിയായ ഡെയ്സുകെ ഹോറി എന്ന നാൽപ്പതുകാരനാണ് ഈ വിചിത്ര ഉറക്കശീലത്തിനുടമ.
മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഉറക്കം ജനനവൈകല്യമല്ല. വർഷങ്ങളായുള്ള പരിശീലനത്തിന്റെ ഭാഗമായി ഹോറി സ്വായത്തമാക്കിയതാണ്. ഹ്രസ്വമായ ഉറക്കശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും വാസ്തവത്തിൽ അതു ജോലിയിലും വ്യക്തിജീവിതത്തിലും സഹായകമായെന്നും മികച്ച സംരംഭകൻ കൂടിയായ ഹോറി പറയുന്നു. എത്ര മണിക്കൂർ ഉറങ്ങിയെന്നല്ല, ഉറക്കത്തിന്റെ ഗുണനിലവാരമാണു പ്രധാനമെന്നും ഹോറി വ്യക്തമാക്കി.
ജപ്പാനിൽ നടന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഹോറി ദിവസം 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയത്. ഉണർന്നെഴുന്നറ്റ ഹോറി ആരോഗ്യവാനായി പെരുമാറുകയും തന്റെ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. കുറഞ്ഞ ഉറക്കമുള്ളവരുടെ കൂട്ടായ്മയായ “ഷോർട്ട് സ്ലീപ്പേഴ്സ് ട്രെയിനിംഗ് അസോസിയേഷൻ’ രൂപീകരിച്ച ഹോറി, ആരോഗ്യമേഖലയിൽ ക്ലാസുകൾ എടുക്കാറുണ്ട്.