ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച് ജപ്പാനിലെ കമ്പനികള്‍. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുകയും ഗൗരവക്കാരെന്ന് തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനികളുടെ വാദം. കാഴ്ചക്കുറവുള്ളവര്‍ കോണ്ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്.
റിസപ്ഷനിസ്റ്റുകളായ സ്ത്രീകളോടും സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ നഴ്സുമാര്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ഷോറൂമുകള്‍ എന്നിങ്ങനെ ആളുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ വനിതകള്‍ക്കുമായി ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകള്‍ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകള്‍ ധരിക്കണമെന്നും കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ‘കുടൂ’ ക്യാംപെയിന് ജീവനക്കാര്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.