പുതിയൊരു രാജ്യം സന്ദർശിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങുമ്പോൾ, അതിഥിയായി താമസിച്ച രാജ്യത്തിന്റെ ഓർമയ്ക്കായി എന്തെങ്കിലും കൂടെ കൊണ്ടുപോകാനും അവ പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനും ആഗ്രഹിക്കാത്തവരായി ആരുണ്ട്? പലർക്കും അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും പുതിയ നാട്ടിലെ പലഹാരങ്ങൾ.
ഇന്ത്യാസന്ദർശനത്തിനുശേഷം ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള കണ്ടന്റ് ക്രിയേറ്റർ തന്റെ മുത്തശ്ശിക്കും മുത്തച്ഛനും സമ്മാനിച്ചത് വ്യത്യസ്തമായ പലഹാരങ്ങളാണ്. ആലു ഭുജിയ സേവ്, ഖാട്ടാ മീഠ, മിഠായികൾ എന്നിവയാണ് തന്റെ മുത്തശിക്കും മുത്തച്ഛനും കോക്കി ഷിഷിഡോ നൽകിയത്.
വൃദ്ധദമ്പതികൾ അതെല്ലാം ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ഷിഷിഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മാമ്പഴത്തിന്റെ രുചിയുള്ള മിഠായികളാണ് അവർ അദ്യം കഴിച്ചത്. ഇത്രയും കാലത്തിനിടയിൽ കഴിക്കാത്ത വിഭവം സംശയത്തോടെയാണ് അവർ കഴിക്കാനാരംഭിക്കുന്നത്. കഴിച്ചതിനുശേഷം മുത്തശ്ശി പറഞ്ഞത് “എനിക്കുണ്ടായ ആദ്യത്തെ രുചി’ എന്നാണ്.
എന്നാൽ ആലു ഭുജിയ മുത്തച്ഛന് അത്ര രുചികരമായി തോന്നിയില്ല. അതിലെ മസാലക്കൂട്ടാണ് മുത്തച്ഛന് ഇഷ്ടപ്പെടാതിരുന്നത്. എന്തായാലും ഇന്ത്യൻ പലഹാരങ്ങളുടെയെല്ലാം സ്വാദ് അവർ സന്തോഷത്തോടെ രുചിച്ചുനോക്കി.