മാതൃകോശങ്ങളുടെ സഹായമില്ലാതെ ഏതെങ്കിലും ജീവി ജനിക്കുക ഏറെക്കുറെ അസാധ്യമായാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്.
എന്നാല്‍ ആ ധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഇവരുടെ പരീക്ഷണഫലമായി പിറന്ന എലിയ്ക്ക് അമ്മയില്ല. പകരം ഉള്ളതാവട്ടെ രണ്ട് അച്ഛന്മാരാണ്.
ആണെലികളുടെ ത്വക്കിലെ കോശങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇതു നേട്ടമാക്കിയത്. ആണെലിയില്‍ നിന്നുള്ള വിത്തുകോശമെടുത്ത് അതിന്റെ ജനിതകഘടനയില്‍ പരിഷ്കാരം വരുത്തി അണ്ഡങ്ങളുണ്ടാക്കിയാണ് പരീക്ഷണം നടന്നത്.
തുടര്‍ന്ന് ഇത് മറ്റൊരു ആണെലിയുടെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തി. ഇത്തരത്തില്‍ 600 ഭ്രൂണങ്ങളെ സറഗേറ്റ് എലികളിലേക്ക് മാറ്റി.
ഇവയില്‍ നിന്ന്ഏഴ് കുഞ്ഞെലികള് പരീക്ഷണത്തില്‍ പിറന്നെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ കുഞ്ഞെലികള് ആരോഗ്യമുള്ള ജീവികളായി വളരുകയും പിന്നീട് ഇവ സ്വാഭാവിക പ്രക്രിയകളില്‍ കുട്ടികളെയുണ്ടാക്കിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെയും ക്യുഷു സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നില്‍.
പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ കാറ്റ്സുഹിക്കോ ഹയാഷിയാണു ഗവേഷണത്തിനു ചുക്കാന്‍ പിടിച്ചത്.
ഇതിന്റെ ഗവേഷണ ഫലങ്ങള്‍ മനുഷ്യ ജനിതക എഡിറ്റിങ് സംബന്ധിച്ച് നടന്ന മൂന്നാമത്തെ രാജ്യാന്തര ഉച്ചകോടിയില്‍ സമര്‍പ്പിച്ചു.
നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ എലികളില്‍ നടന്നിരുന്നു. എന്നാല്‍ സങ്കീര്‍ണമായ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്.
പത്ത് വര്‍ഷത്തിനു ശേഷം ഇതേ സാങ്കേതികവിദ്യ മനുഷ്യരിലും പ്രയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എന്നാല്‍ പലകോണുകളില്‍ നിന്നും ഇതിനെതിരേ എതിര്‍പ്പുകളും ഉയരുന്നുണ്ട്. മനുഷ്യ ഭ്രൂണ വികസനം വളരെ സങ്കീര്‍ണമായ പ്രക്രിയയാണെന്നും എലികളിലെ പരീക്ഷണം പോലെ അത്ര ലാഘവമുള്ളതല്ലെന്നുമാണ് ഇതിനെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്.