തൃശൂർ: ജപ്പാൻജ്വരം ബാധിച്ചു ജില്ലയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയതായി ഡിഎംഒ ഡോ. കെ.ജെ.റീന. ചാവക്കാട് വടക്കേക്കാട്ട് തൊഴിലാളിയായ തമിഴ്നാട് സ്വദേശി മരിച്ചതു ജപ്പാൻജ്വരം മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിരീക്ഷണത്തിൽ രോഗബാധയ്ക്കുള്ള സാഹചര്യം വടക്കേക്കാടും പരിസരങ്ങളിലും കണ്ടെത്താനായിട്ടില്ല.
ഇയാൾ താമസിച്ചിരുന്ന നാലാംകല്ലിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് കടലൂർ സ്വദേശി നടരാജൻ (52) ആണ് ഇക്കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ജിപ്മെർ ആശുപത്രിയിൽ ജപ്പാൻജ്വരം ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചത്.
ഇക്കഴിഞ്ഞ അഞ്ചിനാണ് നടരാജനു പനി ബാധിച്ചത്. എട്ടിനു വടക്കേക്കാട് സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സക്കാണ് ജിപ്മെറിൽ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന നടരാജന്റെ നില കഴിഞ്ഞ ദിവസം മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീച് ഗുരുതരമാകുകയായിരുന്നു.
വടക്കേക്കാടും പരിസരത്തും ജപ്പാൻജ്വരം പടരാൻ കാരണമായ കൊതുകുകളെ കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ഓഫീസർമാർ ശക്തമായ നിരീക്ഷണങ്ങൾ തുടരുന്നുണ്ട്. ഇലക്്ഷൻ സമയത്ത് നടരാജൻ തമിഴ്നാട്ടിലേക്കു പോയിരുന്നു. ഇക്കാലയളവിൽ അവിടെ നിന്നാകാം രോഗബാധയുണ്ടായതെന്നു സംശയിക്കുന്നതായും ഡിഎംഒ പറഞ്ഞു.