കൊച്ചി: തൃപ്പൂണിത്തുറയിൽ ബാങ്ക് ജപ്തിയുടെ പേരിൽ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. കെ.ആർ.രാമൻ-വിലാസിനി ദന്പതികൾക്ക് കളക്ടറേറ്റിൽവച്ച് വിദ്യാഭ്യാസമന്ത്രി പ്രഫ സി. രവീന്ദ്രനാഥ് ആധാരം തിരികെ നല്കി.
കെ.ആർ.രാമനും വിലാസിനിയും മകൻ ദിനേശന് ഇഷ്ടദാനമായി നല്കിയതായിരുന്നു രണ്ടു സെന്റ് ഭൂമിയും വീടും. തൃപ്പൂണിത്തുറ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ദിനേശൻ എടുത്ത ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് കുടുംബത്തിന് ജപ്തി നടപടി നേരിടേണ്ടി വന്നത്.
ജപ്തിയുടെ പേരിൽ വീട്ടിൽനിന്നിറക്കിവിട്ട വയോധിക ദന്പതികളെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് അതേ വീട്ടിൽ തന്നെ താമസിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വീടും സ്ഥലവും ലേലത്തിൽ പിടിച്ച രജനി ജ്യോതികുമാർ തനിക്കു ചെലവായ തുക ലഭിച്ചാൽ പിൻവാങ്ങാൻ തയാറാണെന്നറിയിച്ചു.
സർക്കാർ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബാക്കി തുക സമാഹരിക്കുകയും ചെയ്തു. രജനി ജ്യോതികുമാറിന് ഈ തുക നല്‍കിയതിനെത്തുടർന്നാണ് ആധാരം ദന്പതികളുടെയും മകൻ ദിനേശന്റെയും പേരിൽ തിരിച്ച് രജിസ്റ്റർ ചെയ്തു നല്‍കിയത്.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, എംഎൽഎമാരായ ജോണ്‍ ഫെർണാണ്ടസ്, ആന്റണി ജോൺ, എഡിഎം എം.കെ. കബീർ, തഹസിൽദാർ എൻ.ആർ.വൃന്ദാദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.