ടോക്കിയോ: ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകൾ മാക്കോ രാജകുമാരി രാജകീയ പദവി ഉപേക്ഷിച്ച് സാധാരണക്കാരനെ വരനായി സ്വീകരിക്കുന്നു. സഹപാഠിയായ കെയി കോമുറോയുമായുള്ള വിവാഹത്തിനു ചക്രവർത്തിയുടെ അനുമതി കിട്ടിയതായി ഇരുവരും പത്രസമ്മേളനത്തിൽ അറിയിച്ചു.
അടുത്തവർഷം വിവാഹം നടത്താനാണു പദ്ധതി. മാക്കോ വിവാഹിതയാവുന്നതോടെ ചക്രവർത്തികുടുംബത്തിലെ അംഗസംഖ്യ 18 ആയി കുറയും. 2014ൽ നോറിക്കോ രാജകുമാരിയും രാജകുടുംബാംഗമല്ലാത്ത സാധാരണക്കാരനെ വിവാഹം കഴിച്ചു.