തിരുവനന്തപുരം: കേരളത്തിൽ കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
എന്താണു ജപ്പാൻ ജ്വരം?
മസ്തിഷ്കം ഉൾപ്പെടെയുള്ള കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ കൊതുകുജന്യ വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. 15 വയസിനു താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മനുഷ്യരിൽ ജപ്പാൻ ജ്വരം പകരുന്നതെങ്ങനെ: ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിൻകസ്, ക്യൂലക്സ് വിഷ്ണുയി, ക്യൂലക്സ് സ്യൂഡോ വിഷ്ണായി എന്നിവയും മൻസോണിയ വിഭാഗത്തിൽപ്പെടുന്ന മൻസോണിയ അനുലിഫെറ, മൻസോണിയ യൂണിഫോർമിസ് എന്നിവയു മാണ് രോഗം പരത്തുന്ന പ്രധാന കൊതുകുകൾ. ആർബോ വൈറസ് വിഭാഗത്തിൽപ്പെട്ട ജപ്പാൻ ജ്വര രോഗാണു പ്രാഥമികമായി പന്നി, കന്നുകാലികൾ, കൊക്ക്, ഇരണ്ട, ദേശാടന പക്ഷികൾ എന്നിവയിൽ കാണുന്നു.
ഈ ജീവികളെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട കൊതുക് കടിക്കുന്പോൾ ഈ രോഗാണു കൊതുകിൽ പ്രവേശിക്കുകയും പെരുകുകയും ചെയ്യുന്നു. ഈ കൊതുകുകൾ മനുഷ്യരെ കടിക്കുന്പോൾ രോഗാണു മനുഷ്യരിൽ പ്രവേശിക്കുകയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ജപ്പാൻ ജ്വരം ബാധിച്ച വ്യക്തിയിൽ വൈറസുകളുടെ സാന്നിധ്യം വളരെക്കുറച്ചു സമയം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നതിനാൽ രോഗബാധിതരെ കൊതുകു കടിക്കുന്നതിലൂടെ മറ്റൊരാൾക്കു രോഗം പകരാനുള്ള സാധ്യത കുറവാണ്.
രോഗലക്ഷണങ്ങൾ
ആദ്യഘട്ടത്തിൽ മിക്കവരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും കാണാറില്ല. എന്നാൽ ചിലരിൽ രോഗാണു ശരീരത്തിൽ പ്രവേശിച്ച് അഞ്ചു മുതൽ 15 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
കടുത്ത പനി, കഠിനമായ തലവേദന, ഛർദി അതോടൊപ്പമുണ്ടാകുന്ന സ്വഭാവവ്യത്യാസങ്ങൾ, അപസ്മാര ലക്ഷണങ്ങൾ, കഴുത്തു തിരിക്കാനുള്ള പ്രയാസം, അവയവങ്ങൾക്കു തളർച്ച, അബോധാവസ്ഥ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
തലച്ചോറിനുണ്ടാകുന്ന രോഗബാധയെത്തുടർന്നു ചില രോഗികളിൽ എൻസഫലൈറ്റിസ് എന്ന ഗുരുതര പ്രശ്നമുണ്ടാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമാകാറുണ്ട്. എന്നാൽ എല്ലാ എൻസെഫാലിറ്റിസും ജപ്പാൻ ജ്വരം ആകണമെന്നില്ല.
ചികിത്സ
ജപ്പാൻ ജ്വരത്തിനെതിരേ രോഗലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സ നൽകുകയാണ് ചെയ്യുന്നത്. എന്നാൽ, ജപ്പാൻ ജ്വരത്തിനെതിരേ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്. കുട്ടികൾക്ക് മൂന്നു ഡോസ് വാക്സിൻ നൽകുന്നതുവഴി ഈ രോഗത്തിൽനിന്ന് ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ കഴിയും.
രോഗപ്രതിരോധം
കൊതുകു നശീകരണം മാത്രമാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി. കന്നുകാലിത്തൊഴുത്ത്, പന്നിവളർത്തൽ കേന്ദ്രങ്ങൾ, വെള്ളക്കെട്ടുകൾ, പാടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് മുട്ടയിട്ടു വിരിയാനുള്ള സാഹചര്യം ഇല്ലായ്മ ചെയ്യുക.
കുളവാഴ, മുട്ടപ്പായൽ തുടങ്ങിയ ജലസസ്യങ്ങളെ നീക്കം ചെയ്യുക. വീട്ടിനടുത്ത് കൊക്കുകൾ പോലുള്ള ദേശാടനപക്ഷികളുടെ വാസസ്ഥലങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കുക.
കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക. രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിൽ കൊതുകുകടി ഏൽക്കാതിരിക്കുന്നതിനുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ അവലംബിക്കുക.
രോഗനിർണയം
ജപ്പാൻജ്വരം വൈറസ് ആന്റിജന്റെ സാന്നിധ്യം രക്തത്തിലും ശരീരകലകളിലും കാണും ഐജിഎം/ഐജിജി എലിസ എച്ച്ഐ ന്യൂട്രലൈസേഷൻ പരിശോധന, സെറിബ്രോ സ്പൈനൽ ദ്രാവകത്തിൽ ജെഇ/ഐജിഎം പരിശോധന എന്നിവയിലൂടെ ജപ്പാൻ ജ്വരം സ്ഥിരീകരിക്കാവുന്നതാണ്.