തിരുവനന്തപുരം: ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം യുവജനതയെ മുന്നിൽ കണ്ടുള്ളതായിരുന്നുവെന്നും യാത്ര വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകൾക്ക് ഗുണകരമാകുന്ന സന്ദർശനമാണ് ഇരു രാജ്യങ്ങളിലും നടത്തിയത്. ആദ്യഘട്ടത്തിൽ തന്നെ ജപ്പാനിൽ നിന്നും 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദർശനത്തിന് കഴിഞ്ഞു.
ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പുണ്ട്. തോഷിബ, ടൊയോട്ട എന്നീ കന്പനികൾ കേരളത്തിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. നീറ്റാ ജലാറ്റിൻ കന്പനിയും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാപ്പനീസ് സർവകലാശാലകളുമായി കേരളം സഹകരിക്കും.
തുടർ സന്ദർശനങ്ങളുടെ ഭാഗമായി ജപ്പാനിലെ മേയർമാർ ഉടൻ കേരളത്തിലെത്തും. ജനുവരിയിൽ കൊച്ചിയിൽ സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും സംഘവും നടത്തിയത് ഉല്ലാസ യാത്രയാണെന്ന പ്രതിപക്ഷ വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. വിമർശനങ്ങൾക്ക് മറുപടി പറയാനല്ല വന്നതെന്നും സന്ദർശനത്തിന്റെ വിവിരങ്ങൾ അറിയിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബാംഗത്തിന്റെ യാത്രാ ചിലവ് സർക്കാർ ഖജനാവിൽ നിന്നും എടുക്കേണ്ട ആവശ്യമില്ലെന്നും ഇതുവരെ അങ്ങനെയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.